മോചിപ്പിക്കപ്പെട്ട യുവതികൾ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ അധികൃതരോടൊപ്പം

12 ഇന്ത്യന്‍ യുവതികളെ മോചിപ്പിച്ചു: തൊഴില്‍ തട്ടിപ്പിനിരയായ യുവതികൾക്ക് ഇന്ത്യൻ അസോസിയേഷൻ തുണയായി

അജ്മാന്‍: തൊഴില്‍ തട്ടിപ്പിനിരയായ 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി.ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് കബളിപ്പിക്കപ്പെട്ട യുവതികളെ പൊലീസ് സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും രക്ഷപ്പെടുത്തുകയായിരുന്നു. അജ്മാനിലെ ഏജൻറ് മുഖേന നാട്ടില്‍ നിന്നും ജോലിക്ക് വന്ന ഇവര്‍ക്ക് കൃത്യമായ ജോലി ലഭിച്ചിരുന്നില്ല.

മാത്രമല്ല, താമസകേന്ദ്രത്തില്‍ ഇവരെ പൂട്ടിയിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതികൾ ചിലക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരം അറിയിക്കുകയായിരുന്നു. കോണ്‍സുലേറ്റി‍െൻറ നിര്‍ദേശത്തെ തുടർന്ന് ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴു യുവതികളെ കണ്ടെത്തി. ഇതേ ഏജൻറി​െൻറ കീഴില്‍ വന്നു കബളിപ്പിക്കപ്പെട്ട മറ്റു അഞ്ചുപേരെ കൂടി അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഇടപെടലിലൂടെ മോചിപ്പിക്കുകയായിരുന്നു.

11 പേര്‍ ഹൈദരാബാദ് സ്വദേശിനികളും ഒരാള്‍ ബംഗളൂരു സ്വദേശിനിയുമാണ്‌. എന്നാൽ, യുവതികളുടെ സംഘത്തിൽ മലയാളികളില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത അവാസ്തവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.മോചിപ്പിച്ച 12 യുവതികളുടെയും സംരക്ഷണം, അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സത്യവാങ്​മൂലം നല്‍കി അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഏറ്റെടുത്തു. ഭക്ഷണവും താമസവും ഉറപ്പുവരുത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇതില്‍ ഏതാനും പേര്‍ ഹൈദരാബാദ് സ്വദേശിയായ എജൻറിനെതിരെ പ്രോസിക്യൂഷനില്‍ പരാതിയും നല്‍കി.

ഏതാനും ചിലരുടെ പാസ്പോര്‍ട്ടുകൂടി വീണ്ടുകിട്ടാനുണ്ട്. യുവതികള്‍ പൊലീസില്‍ നല്‍കിയ പരാതി തീര്‍പ്പാകുന്ന മുറക്ക് ഇവരെ നാട്ടിലെത്തിക്കുമെന്നും അതുവരെ സഹായങ്ങൾ നല്‍കുമെന്നും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു പറഞ്ഞു. 20 മുതല്‍ 40 വയസ്സുവരെയുള്ളവരാണ് തൊഴില്‍ തട്ടിപ്പിനിരയായവരെല്ലാം. ഇന്ത്യന്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ യുവതികള്‍ക്ക് വീട്ടുകാരുമായി സംസാരിക്കാന്‍ അവരസമൊരുക്കി. വിസിറ്റ് വിസയില്‍ യു.എ.ഇയിലെത്തിയ ഇവരില്‍ ചിലര്‍ക്ക് വിസ അടിച്ചിട്ടുണ്ടെങ്കിലും വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്.

യുവതികള്‍ക്ക് നാട്ടിലെത്താന്‍ ടിക്കറ്റ് ലഭ്യമാക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് യുവതികളെ നാട്ടിലെത്തിക്കുമെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സമൂഹത്തെ ബോധവത്​കരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡൻറ്​ അബ്​ദുൽ സലാഹ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.