യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച വിവിധ സംഘടന പ്രതിനിധികളുടെ യോഗം
അൽ ഖോബാർ: പൗരത്വ ഭേദഗതി നിയമത്തിൽ കാണപ്പെട്ട അതേ രീതി പിന്തുടർന്ന് മുസ്ലിം സമുദായത്തെ ലക്ഷ്യമാക്കി ഭരണകൂടം വിവേചനപരമായ സമീപനമാണ് വഖഫ് ബില്ലിലും സ്വീകരിക്കുകയെന്ന് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച വിവിധ സംഘടന പ്രതിനിധികളുടെ യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ രാജ്യത്തും വിദേശത്തും ശക്തമായ പ്രതിരോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
വഖഫ് സമ്പത്തുകൾ മുസ്ലിം സമുദായത്തിന്റെ ആസ്തിയാണ്, അതിൽ അന്യാധീനം ചെലുത്തി സ്വായത്തമാക്കാനുള്ള ഭരണകൂട നീക്കങ്ങൾ ഭരണഘടനയുടെ മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഭരണകൂടത്തിന്റെ ഇത്തരം സമീപനങ്ങൾ ഭരണഘടനാപരമായ സംരക്ഷിതാവകാശങ്ങൾ ചോദ്യം ചെയ്യുന്നതായാണ് നിരീക്ഷണം. അതിനാൽ ജനാധിപത്യത്തിന്റെ പ്രതിരോധം ശക്തമാകണം എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. വിവിധ മത, സാമൂഹിക സംഘടനകൾ വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവാസലോകത്ത് ഇതുവരെ സംയുക്തമായ പ്രതിരോധം ശക്തമായി ഉയർന്നിട്ടില്ല.
ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും, അതിനാൽ അതിശക്തമായ കൂട്ടായ്മകളും പ്രതികരണങ്ങളും ഉടൻ തന്നെ തുടങ്ങേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. വിവിധ സംഘടന പ്രതിനിധികൾ വഖഫ് ബില്ലിന്റെ നിയമപരവും സാമൂഹികവും മതപരവുമായ ആഘാതങ്ങളെ കുറിച്ച് വിശദമായി അവതരിപ്പിച്ചു. അയ്മൻ സഈദ് അധ്യക്ഷത വഹിച്ചു. അമീൻ ചുണ്ണൂർ ഉദ്ഘാടനം ചെയ്തു. ത്വയ്യിബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.