യൂസുഫിനും യാസീനും ഇനി രണ്ടു ജീവിതം; റിയാദിൽ യമനി സയാമീസ്​ ഇരട്ടകളുടെ ശസ്​ത്രക്രിയ വിജയകരം

ജിദ്ദ: യമൻ സയാമീസ്​ ഇരട്ടകളായ യൂസുഫി​ന്റെയും യാസീ​ന്റെയും വേർപ്പെടുത്തൽ ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയായി. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന്​ കഴിഞ്ഞ മെയ്​ മാസത്തിലാണ്​ യമനിലെ ഹദ്​ർമൗത്തിൽനിന്ന്​ തലച്ചോറുകൾ ഒട്ടിപിടിച്ച യമനി സയാമീസുകളെ എയർ ആംബുലൻസിൽ സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്​.

​പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തേഷ്യ, നഴ്‌സിങ്​, ടെക്‌നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്​ത്രക്രിയയാണ് നടന്നത്.

തലച്ചോറി​ന്റെ ഭാഗങ്ങൾ ഇരട്ടകൾ പങ്കിടുന്നതിനാൽ ശസ്​ത്രക്രിയ സങ്കീർണമായതായിരുന്നുവെന്ന്​ കിങ്​ സൽമാൻ റിലീഫ്​ സെൻറർ ജനറൽ സൂപ്പർവൈസറും ശസ്​​ത്രക്രിയ സംഘം തലവനുമായ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. സെറിബ്രൽ സിരകളും മസ്തിഷ്ക അഡീഷനുകളും വേർതിരിക്കാനും വേർപിരിയലിനുശേഷം മറയ്ക്കാൻ സഹായിക്കുന്ന ചർമ ഉപകരണങ്ങൾ സ്ഥാപിക്കാനും ഇരട്ടകൾക്ക് മുമ്പ് രണ്ട് ശസ്​ത്രക്രിയകൾ നടത്തിയിട്ടുണ്ട്​.


24 സ്പെഷലിസ്റ്റുകളും നഴ്സിങ്​, ടെക്നീഷ്യൻമാരുടെ പ്രത്യേക കേഡർമാരും ഓപ്പറേഷനിൽ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തിയത്. ആദ്യത്തേത് അനസ്തേഷ്യ, രണ്ടാമത്തേത് സർജിക്കൽ നാവിഗേഷൻ, മൂന്നാമത്തേത് തലയോട്ടിയെയും തലച്ചോറിനെയും വേർതിരിക്കൽ, നാലാമത്തേത്​ തലയോട്ടി പൂട്ടുക എന്നിങ്ങനെയായിരുന്നു. ശസ്​ത്രക്രിയ സങ്കീർണമായിരുന്നു. തലച്ചോറ്​ ഒട്ടിപ്പിടിച്ചതി​ന്റെ ഫലമായി രക്തസ്രാവം വർധിച്ചതിനാൽ ഇരട്ടക്കുട്ടികളായ യാസീന്​ ചില ബുദ്ധിമുട്ടുകൾ നേരിട്ടു.

ഇത് സംഘം കൈകാര്യം ചെയ്തു. ശസ്​ത്രക്രിയക്ക്​ ശേഷം ഇരട്ടകളെ കുട്ടികൾക്കായുള്ള ഇൻറസീവ് കെയറിലേക്ക്​ മാറ്റിയിരിക്കുകയാണ്​. ഇരട്ടകൾ കർശനമായ പരിചരണത്തിലും നിയന്ത്രണത്തിലുമാണ്​. പ്രത്യേകിച്ച് യാസീന്റെ അവസ്ഥ ഗുരുതരമാണെന്ന് കണക്കാക്കപ്പെടുന്നുവെന്നും ഡോ. റബീഅ പറഞ്ഞു.


സയാമീസുകളെ വേർപ്പെടുത്താനുള്ള സൗദി ഭരണകൂടത്തി​ന്റെ മാനുഷികമായ സംരംഭത്തിന്​ സൽമാൻ രാജാവിനും കിരീടാവകാശിക്കും ശസ്​ത്രക്രിയ സംഘത്തി​​ന്റെ നന്ദിയും അഭിനന്ദനവും ഡോ. റബീഅ അറിയിച്ചു. ശസ്​ത്രക്രിയ നടത്താനും അവർക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകിയതിനും സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു. രാജ്യാന്തര തലത്തിൽ നാഴികക്കല്ലായി മാറിയ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയെയും രാജ്യത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു.

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിൽ 51-ാമത്​ ശസ്​ത്രക്രിയ ആണ്​ ഇപ്പോൾ നടന്നത്​. 23 രാജ്യങ്ങളിൽ നിന്നുള്ള 122-ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.



Tags:    
News Summary - Yemeni Siamese twins surgery successful in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.