യാംബു പുഷ്പമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച റീ സൈക്കിളിങ് മത്‌സരത്തിൽ ജേതാക്കളായ യാംബുവിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികൾ അവാർഡുമായി.
യാംബു: യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15-ാമത് യാംബു പുഷ്‌പോത്സവത്തോട് അനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'റീസൈക്കിളിങ്' മത്‌സരത്തിൽ യാംബുവിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികൾ ജേതാക്കളായി. ഒഴിവാക്കുന്ന വസ്തുക്കളുപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ നിർമാണ മത്സരത്തിൽ യാംബു വ്യവസായ നഗരിയിലുള്ളതും പുറത്തുള്ളതുമായ ധാരാളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
യാംബു റോയൽ കമീഷൻ ലാൻഡ് മാർക്കുകൾ, സമുദ്ര സംബന്ധമായ വിഷയങ്ങൾ, കാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിലായിരുന്നു മത്‌സരം. മത്‌സരത്തിൽ യഥാക്രമം ഏഴാം ക്ലാസ് വിദ്യാർഥിനിയായ ചാനുമി സകിത്ന, ശ്രീലങ്ക (അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ), ഒന്നാം ക്ലാസ് വിദ്യാർഥിനിയായ കെൻസ സുമയ്യ, കേരള (റദ് വ ഇന്റർ നാഷനൽ സ്‌കൂൾ), യു.കെ.ജി വിദ്യാർഥിനിയായ നാദിയ അഫ്സീൻ, തെലുങ്കാന (അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ) എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് റോയൽ കമീഷൻ സാനിറ്ററി ഡിപ്പാർട്ട്മെന്റിന്റെയും ഫ്ലവർഷോ കമ്മിറ്റിയുടെയും ഉന്നതവ്യക്തിത്വങ്ങൾ കാശ് അവാർഡുകൾ വിതരണം ചെയ്തു. മത്‌സരത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥിനികളെ അതത് സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു. റോയൽ കമീഷൻ അധികൃതർ ജേതാക്കളായ വിദ്യാർഥിനികളുടെ ഫോട്ടോകൾ നൽകി ഔദ്യോഗിക എക്സ് അകൗണ്ടിൽ അഭിനന്ദനം അറിയിച്ചു.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും റീസൈക്കിളിങ് വഴി പ്രയോജനപ്പെടുത്തുന്നതിനുമായി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങളായി ഇങ്ങനെ മത്‌സരം സംഘടിപ്പിച്ചുവരുന്നത്. കരകൗശല വിരുതിൽ വിസ്മയം തീർത്ത വിജയികളായ വിദ്യാർഥിനികളുടെ വിവിധ ശില്പങ്ങൾ പുഷ്പമേളയിലെ റീ സൈക്കിൾ ഗാർഡനിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.