‘വൗ മോം’ റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്ന മത്സരാർഥികൾ സംഘാടകർക്കൊപ്പം
ദമ്മാം: വേൾഡ് മലയാളീ കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ‘വൗ, മോം’ റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലേ വെള്ളിയാഴ്ച നടക്കും.
ഒരു മാസമായി നടക്കുന്ന വിവിധ മത്സര പരിപാടികൾക്ക് ഇതോടെ സമാപനമാകും. 30 അമ്മമാർ മത്സരിക്കുന്ന ഈ റിയാലിറ്റി ഷോയുടെ മൂന്ന് വ്യത്യസ്ത റൗണ്ടുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ദമ്മാം ലുലു മാളിൽ മെയ് രണ്ടിന് നടന്ന ആദ്യ റൗണ്ടിൽ കുക്ക് ആൻഡ് കോക്കർ എ ലൈവ് കുക്കിങ്, ക്രാഫ്റ്റി മോം ലൈവ് പേപ്പർ ക്രാഫ്റ്റ് വർക്ക്, പെൻ യുവർ സ്റ്റോറി (മക്കളുമായുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള എഴുത്ത്) എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
പ്രവിശ്യയിലെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറിയിരുന്നു. ഖോബാർ ലുലുവിൽ ഈ മാസം ഒമ്പതിന് ‘മേം ക്രാഡിൽ’ എന്ന ഷോപ്പിങ് റൗണ്ട് മത്സരമാണ് നടന്നത്. സമയക്ലിപ്തമായി ഒരു കുടുംബത്തിലെ നാലു പേർക്കുള്ള അവശ്യ വീട്ടുസാധനങ്ങൾ എങ്ങനെ വാങ്ങാം എന്ന കഴിവ് മാറ്റുരച്ച മത്സരമായിരുന്നു അത്. ‘ബ്രയിൻ ബാറ്റിൽ’ എന്ന ഇന്ററാക്ടീവ് റൗണ്ടിൽ അമ്മമാരും പങ്കാളികളും പ്രഗത്ഭരായ ജഡ്ജിങ് പാനലിന് മുന്നിൽ ചോദ്യങ്ങൾക്ക് കാഴ്ചപ്പാടുകളും ഉത്തരങ്ങളും പറഞ്ഞു. വിവിധ അഭിമുഖ സംഭാഷണങ്ങളും മനഃശാസ്ത്ര കൗൺസിലിങ്ങൂം സംഘാടകരുടെ പ്രത്യേക ഗ്രൂമിങ് സെഷനും ഇതോടൊപ്പം നടന്നു.
പ്രാഥമിക റൗണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് അമ്മമാർ പ്രമുഖ ചലച്ചിത്ര നടിയും റിയാലിറ്റി ഷോ ജഡ്ജുമായ ശ്വേത മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കും. കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ഒരു റിയാലിറ്റി ഷോ ആദ്യത്തേതാണെന്ന് പ്രോഗ്രാം കൺവീനർ ഗുലാം ഫൈസൽ പറഞ്ഞു. ഓരോ ഘട്ടത്തിലേയും വിധിനിർണയം സുതാര്യമായും ഓരോ മേഖലയിലും പ്രഗത്ഭരായ വിധികർത്താക്കളെ അണിനിരത്തിയുമാണ് നടത്തിയതെന്ന് വനിതാ വിഭാഗം പ്രസിഡന്റ് ഷംല നജീബ് അഭിപ്രായപ്പെട്ടു.
വനിതാ വിഭാഗം സെക്രട്ടറി അനുപമ ദിലീപ്, ട്രഷറർ രതി നാഗ, പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാകട, ചെയർമാൻ അഷ്റഫ് ആലുവ, ജനറൽ സെക്രട്ടറി ദിനേശൻ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ്, നജീബ് അരഞ്ഞിക്കൽ തുടങ്ങിയവർ വിവിധ റൗണ്ടുകൾക്ക് നേതൃത്വം നൽകി. മിഡിൽ ഈസ്റ്റ് ട്രഷറർ അർച്ചനാ അഭിഷേക് മത്സരാർഥികൾക്ക് ഫിനാലയിലേക്കുള്ള ഗ്രൂമിങ് നടത്തി. മുഖ്യ രക്ഷാധികാരി മൂസക്കോയ ഗ്രാൻഡ് ഫിനാലെയിലേക്ക് ദമ്മാമിലെ പൊതുസമൂഹത്തെ ഒന്നടങ്കം സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.