കഴിഞ്ഞ ദിവസം കെ.എസ് റിലീഫിന് കീഴിൽ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ
വിതരണത്തിനെത്തിച്ച ഭക്ഷ്യവസ്തുക്കൾ
ജിദ്ദ: ജീവകാരുണ്യരംഗത്ത് ചരിത്രം കുറിച്ച് സൗദി അറേബ്യ. 2025ലെ കണക്കു പ്രകാരം ആഗോളതലത്തിൽ രണ്ടാം സ്ഥാനവും അറബ് ലോകത്ത് ഒന്നാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. ഐക്യരാഷ്ട്രസഭയുടെ ഫിനാൻഷ്യൽ ട്രാക്കിങ് സർവിസ് (എഫ്.ടി.എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് സൗദിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. അയൽരാജ്യമായ യമനെ സഹായിക്കുന്നതിൽ സൗദി അറേബ്യയാണ് ഇന്ന് മുൻപന്തിയിലുള്ളത്. യമന് ലഭിക്കുന്ന മൊത്തം വിദേശ സഹായത്തിന്റെ 49.3 ശതമാനവും സൗദിയിൽ നിന്നാണ്. ഇതോടെ യമനെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഒന്നാം സ്ഥാനത്തെത്തി. കൂടാതെ, യുദ്ധക്കെടുതി അനുഭവിക്കുന്ന സിറിയയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം നിലനിർത്താനും സൗദിക്ക് സാധിച്ചു.
കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം വികസന സഹായങ്ങൾ നൽകുന്നതിലും രാജ്യം വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 16 അംഗേതര ദാതാക്കളുടെ പട്ടികയിൽ സൗദിക്ക് രണ്ടാം സ്ഥാനമുണ്ട്. അംഗ, അംഗേതര സംയുക്ത പട്ടികയിലെ 48 ദാതാക്കളിൽ 10ാം സ്ഥാനത്താണ് രാജ്യം. സഹായത്തിന്റെ അളവ്, ഗുണനിലവാരം, വേഗത എന്നിവ മുൻനിർത്തിയാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്.
ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകമെന്നും മനുഷ്യെൻറ അന്തസ്സിനും ജീവനും മുൻഗണന നൽകുന്ന സൗദിയുടെ മഹത്തായ പാരമ്പര്യത്തിന്റെ പ്രതിഫലനമാണിതെന്നും കെ.എസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
സൗദിയുടെ മാനുഷിക സഹായ പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ സുതാര്യമാക്കുന്നതിനായി രൂപവത്കരിച്ച ‘സൗദി എയ്ഡ് പ്ലാറ്റ്ഫോം’ മുഖേനയാണ് ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ സംവിധാനമാണിത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ദുരിതബാധിതർക്കും താങ്ങായി സൗദി അറേബ്യ തുടരുമെന്നും വരും വർഷങ്ങളിലും ജീവകാരുണ്യ ദൗത്യങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഡോ. അൽറബീഅ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.