ജിദ്ദ: സെൻട്രൽ ജിദ്ദ ഡെവലപ്മെന്റ് കമ്പനിക്ക് ലോക ടൂറിസം ഓർഗനൈസേഷനിൽ അംഗത്വം.ആഗോളതലത്തിൽ സാമ്പത്തിക വളർച്ചയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും പ്രധാന ചാലകമായി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. മൊറോക്കോയിലെ മാറാകിഷിൽ നടന്ന വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ 117ാമത് സെഷനിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് സെൻട്രൽ ജിദ്ദ ഡെവലപ്മെന്റ് കമ്പനിയുടെ അംഗത്വ അപേക്ഷക്ക് അംഗീകാരം ലഭിച്ചത്.
അംഗരാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 250ലധികം വ്യക്തികൾ ഇതിൽ പങ്കെടുത്തു. വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ ചേരുന്നതോടെ സെൻട്രൽ ജിദ്ദ ഡെവലപ്മെന്റ് കമ്പനിക്ക് 500ലധികം കമ്പനികൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വകുപ്പുകൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. ജിദ്ദയിലെ വിനോദസഞ്ചാരത്തെ പിന്തുണക്കുന്നതിനായി സംഭാഷണങ്ങൾ സംഘടിപ്പിക്കാനും വിവരങ്ങൾ കൈമാറുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അംഗത്വം സഹായിക്കും.
ജിദ്ദ നിവാസികളുടെയും സന്ദർശകരുടെയും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലും സാംസ്കാരികവും ചരിത്രപരവുമായ വ്യക്തിത്വം സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ ഒരു ലക്ഷ്യസ്ഥാനം നിർമിക്കുന്നതിലും പ്രതിനിധാനംചെയ്യുന്ന കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണ് ലോക ടൂറിസം ഓർഗനൈസേഷനിലെ കമ്പനിയുടെ അംഗത്വം. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കാനും ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.