പ്രശസ്തമായ അമേരിക്കയിലെ ന്യൂ ഹേവൻ സർവകലാശാലയുടെ കാമ്പസ് റിയാദിൽ ആരംഭിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: പ്രശസ്തമായ അമേരിക്കയിലെ ന്യൂ ഹേവൻ സർവകലാശാലയുടെ കാമ്പസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ആരംഭിക്കുന്നു. അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ-പ്രോഫിറ്റ് സിറ്റിയായ ‘മിസ്ക് സിറ്റി’യുമായി സഹകരിച്ചാണ് സർവകലാശാല പുതിയ കാമ്പസ് സ്ഥാപിക്കുന്നത്. മിസ്ക് നഗരത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ സർവകലാശാലാ കാമ്പസാണിത്. മിസ്ക് സിറ്റിയിലെ വിദ്യാഭ്യാസ-വിജ്ഞാന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം നവീകരണം, നിർമിത ബുദ്ധി (എഐ), സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ആഗോള നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ രാജ്യത്തെ യുവപ്രതിഭകളെ ശാക്തീകരിക്കാനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനും സാധിക്കുമെന്ന് മിസ്ക് സിറ്റി അധികൃതർ വ്യക്തമാക്കി. 2026-ലെ ശരത്കാല സെമസ്റ്റർ മുതലായിരിക്കും സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി തുടങ്ങുക.
ആധുനിക തൊഴിൽ മേഖലകളിൽ ഏറെ സാധ്യതകളുള്ള വൈവിധ്യമാർന്ന ബിരുദ പ്രോഗ്രാമുകളാണ് ഇവിടെ ഒരുങ്ങുന്നത്. സംരംഭകത്വവും നവീകരണവും, ഇ-സ്പോർട്‌സ്, ഡിജിറ്റൽ ഗെയിമിംഗ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, സ്‌പോർട്‌സ് മാനേജ്‌മെൻറ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇവിടെ ബിരുദ പഠനം നടത്താം.
കൂടാതെ, ബിസിനസ് മേഖലയിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പ്രത്യേക ബിരുദ പ്രോഗ്രാമുകളും സർവകലാശാല ലക്ഷ്യമിടുന്നുണ്ട്. സൗദി അറേബ്യയുടെ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഭാഗമായി റിയാദിലെത്തുന്ന ഈ പ്രമുഖ വിദേശ സർവകലാശാല മേഖലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.