സെപ്റ്റംബറിൽ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചവർ 2.10 കോടി കവിഞ്ഞു
മദീന: സെപ്റ്റംബറിൽ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ച തീർഥാടകരുടെ എണ്ണം 2.10 കോടി കവിഞ്ഞതായി ഇരു ഹറം പള്ളികളുടെ പരിപാലന അതോറിറ്റി അറിയിച്ചു. പ്രവാചക പള്ളിയിൽ കഴിഞ്ഞ മാസം മാത്രം ആകെ 2,16,15,977 പേർ സന്ദർശനം നടത്തിയതായി അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
മസ്ജിദുന്നബവിയിലെ 'അൽ-റൗദ അൽ-ശരീഫി'ൽ കഴിഞ്ഞ മാസം 14,49,791 പേർ പ്രാർഥന നിർവഹിച്ചു.. 3,55,130 സന്ദർശകർ വിവിധ സേവനമാർഗങ്ങളും 2,87,886 പേർ അതിഥി സേവന കേന്ദ്രങ്ങളും പ്രയോജനപ്പെടുത്തിയതായി അതോറിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സന്ദർശകരുടെ അറിവ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 81,243 പേർ പ്രവാചക പള്ളിയിലെ ലൈബ്രറി സന്ദർശിച്ചു. പള്ളിയോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ 137,867 തീർഥാടകരും സന്ദർശിച്ചു. തീർഥാടകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രവാചക പള്ളിയിൽ സുരക്ഷിതവും സമാധാനപൂർണവു മായ അന്തരീക്ഷത്തിൽ പ്രാർഥന നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാൻ തങ്ങൾ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.