സൗദി മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചപ്പോൾ

ഹൂതികൾക്കുള്ള ആയുധ വിതരണം തടയണമെന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി

റിയാദ്: ഹൂതി ഭീകര ഗ്രൂപ്പിനെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്വീകരിച്ച ശക്തമായ നിലപാടിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഹൂതികൾക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും ലഭിക്കുന്നത് തടയുന്നതിനായി അന്താരാഷ്ട്ര തലത്തിൽ ശക്തമായ നടപടിയും പരസ്പര സഹകരണവും വേണമെന്ന രക്ഷാസമിതിയുടെ ആഹ്വാനത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽചേർന്ന മന്ത്രിസഭാ യോഗത്തിലാണ് യു.എൻ കൗൺസിലിന്റെ നിർണായക നിലപാടിനെ സൗദി പിന്തുണച്ചത്. കിരീടാവകാശിയും പ്രധനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്.

സൗദിയിലെ സാധാരണക്കാരുടെ സ്വത്തുക്കൾ, ജനവാസ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ നിലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെയും യു.,എൻ രക്ഷാസമിതി ശക്തമായി അപലപിച്ചതായി മന്ത്രിസഭാ തീരുമാനം വിശദീകരിച്ച വിവരസാങ്കേതിക-മാധ്യമ മന്ത്രി സൽമാൻ അൽ ദോസാരി പറഞ്ഞു. ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതത്തിനും ഹൂതികൾ ഉയർത്തുന്ന തുടർച്ചയായ ഭീഷണി കളെയും അപലപിച്ചുകൊണ്ടുള്ള യു.എൻ രക്ഷാസമിതിയുടെ പ്രസ്താവനയെയും മന്ത്രിസഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എൻ രക്ഷാസമിതി യുടെ 2216-ാം പ്രമേയവും അതിനുശേഷം വന്ന പ്രമേയങ്ങളും പൂർണമായി നടപ്പിലാക്കണമെന്നാണ് സൗദിയുടെ നിലപാടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി രാജാവിന് അയച്ച കത്തിനെക്കുറിച്ചും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാഖി പ്രധാനമന്ത്രി അലി ഫാലിഹ് അൽ സൈദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും മന്ത്രിസഭയെ യോഗത്തിന്റെ തുടക്കത്തിൽ വിശദീകരിച്ചു.

പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രിസഭ അവലോകനം ചെയ്തു. സൗഹൃദ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിലൂടെയും കൂടിയാലോചനകളിലൂടെയും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കാനും, സംഘർഷങ്ങളും പിരിമുറുക്കങ്ങളും ആഗോള ഊർജ സുരക്ഷ, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലയുടെ സുസ്ഥിരത, കപ്പൽ ഗതാഗതം എന്നിവയിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളെ മന്ത്രിസഭ വിലയിരുത്തി. ലോകത്തെ മുഴുവൻ ബാധിച്ചേക്കാവുന്ന അപകടസാധ്യതകളിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്നും ഇതൊരു കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

സൈബർ സുരക്ഷയ്ക്കായി 'ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ' (ഒ.ഐ.സി) മന്ത്രിതല കൗൺസിൽ രൂപീകരിക്കാനും, അതിന്റെ ആസ്ഥാനമായി റിയാദിനെ തിരഞ്ഞെടുക്കാനുമുള്ള വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ തീരുമാനത്തെ മന്ത്രിസഭ അഭിനന്ദിച്ചു. സൈബർ ഇടത്തിൽ സ്ഥിരത കൊണ്ടു വരുന്നതിനും, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്താരാഷ്ട്ര ആസ്ഥാനങ്ങളും സ്ഥാപനങ്ങളും സൗദിയിൽ കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തി ന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

സൗദി സമ്പദ്‌വ്യവസ്ഥയുടെ ആകർഷണീയതയെയും, ഭാവിയിലേക്കുള്ള മികച്ച സാധ്യതകളെയും യോഗം വിലയിരുത്തി. 'സൗദി വിഷൻ 2030' ന്റെ ഭാഗമായി സമീപ വർഷങ്ങളിൽ നടപ്പിലാക്കിയ സാമ്പത്തിക, ഘടനാപരമായ പരിഷ്കാരങ്ങളുടെ ഫലപ്രാപ്തിയെയും യോഗം അവലോകനം ചെയ്തു.

വിദേശ നിക്ഷേപത്തിൽ രേഖപ്പെടുത്തിയ 35.5 ശതമാനം വളർച്ച വിഷൻ 2030 ന്റെ വിജയമാണെന്ന് മന്ത്രിസഭ എടുത്തുപറഞ്ഞു. പെന്റന്റ് നിയമങ്ങൾ,ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, വിദേശത്തുള്ള ജീവനക്കാരുടെ ആശ്രിതർക്കുള്ള ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങി ധാരാളം പദ്ധതികൾക്കും സൗദി മന്ത്രിസഭ യോഗത്തിൽ അംഗീകാരം നൽകി.

Tags:    
News Summary - Saudi Arabia Welcomes UN Security Council Resolution on Houthi Arms Embargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.