ഹജ്ജ് ഒരുക്കവുമായി ബന്ധപ്പെട്ട് റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ സംസാരിക്കുന്നു
റിയാദ്: 2026ലെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ആരോഗ്യ സംവിധാനങ്ങൾ സജ്ജീകരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ ഹജ്ജിനെ നേരിടാൻ 'ക്രൗഡ് മെഡിസിൻ' (മാസ് ഗാതറിങ് മെഡിസിൻ) മേഖലയിൽ സമാനതകളില്ലാത്ത ഒരു ആഗോള മാതൃകയാണ് രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. സൗദിയിലെ ക്രൗഡ് മെഡിസിൻ സെന്ററിനെ ലോകാരോഗ്യ സംഘടന ഒരു പ്രത്യേക ആഗോള കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ടെന്നും പല അന്താരാഷ്ട്ര സംഘടനകളും സൗദിയുടെ ഈ വൈദഗ്ധ്യം ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റിയാദിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
തീർഥാടകർ രാജ്യത്ത് എത്തുന്ന നിമിഷം മുതൽ മടങ്ങിപ്പോകുന്നത് വരെ നീളുന്ന സമഗ്രമായ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുന്നത്. ഇതിനായി മക്കയിലും മദീനയിലുമായി 20,000ലധികം കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിൽ മാത്രമായി 3,800ഓളം കിടക്കകൾ ലഭ്യമാക്കും. അടിയന്തര ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായി വർധിപ്പിച്ച് 25 ആക്കി ഉയർത്തിയിട്ടുണ്ട്. സൈനിക-സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് 1,200 കിടക്കകളുള്ള മൂന്ന് ഫീൽഡ് ആശുപത്രികളും സജ്ജമാണ്. കൂടാതെ, മിനയിൽ പുതുതായി നിർമിച്ച 200 കിടക്കകളുള്ള എമർജൻസി ആശുപത്രിക്ക് പുറമെ നിലവിലുള്ള ആശുപത്രികളുടെ ശേഷി ഇരട്ടിയാക്കുകയും പുണ്യസ്ഥലങ്ങളിലുടനീളം 71 മെഡിക്കൽ പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഇത്തവണത്തെ ആരോഗ്യ സേവനങ്ങളുടെ പ്രത്യേകതയാണ്. മരുന്നുകളും മെഡിക്കൽ സാമ്പിളുകളും അതിവേഗം എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ നിരീക്ഷിക്കാൻ സ്മാർട്ട് സെൻസറുകൾ ഘടിപ്പിക്കുകയും അവ 'സെഹ വെർച്വൽ ഹോസ്പിറ്റലുമായി' ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സ സേവനങ്ങൾക്കായി 25,000ലധികം ആരോഗ്യ പ്രവർത്തകർക്ക് പുറമെ 900ലധികം ആംബുലൻസുകളും 11 എയർ ഇവാക്യുവേഷൻ വിമാനങ്ങളും രംഗത്തുണ്ടാകും.
ഉയർന്ന താപനില, സൂര്യാഘാതം, കഠിനമായ ക്ഷീണം എന്നിവയുണ്ടാക്കുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് മന്ത്രാലയം കൃത്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിനാൽ ‘പ്രതിരോധം, പ്രതിരോധം, വീണ്ടും പ്രതിരോധം’ എന്നതാകണം തീർഥാടകരുടെ ലക്ഷ്യമെന്നും ആരോഗ്യ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ പകർച്ചവ്യാധികളുടെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ വാക്സിനേഷനുകൾ ഉറപ്പാക്കാൻ അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെത്തുന്ന ദൈവത്തിന്റെ അതിഥികൾക്ക് സവിശേഷവും സുരക്ഷിതവുമായ അനുഭവമാക്കി ഹജ്ജ് സീസണിനെ മാറ്റുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.