സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധമാക്കി; നിയമലംഘകർക്ക് 10 ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിൽ വിനോദ പരിപാടികളും തത്സമയ ഷോകളും സംഘടിപ്പിക്കുന്നതിനും അമ്യൂസ്‌മെൻറ്​ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറി​െൻറ ലൈസൻസ് നിർബന്ധമാക്കി. രാജ്യത്തെ വിനോദ പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി പുതുതായി പുറത്തിറക്കിയ എൻറർടൈൻമെൻറ്​ ആക്റ്റിവിറ്റീസ് റെഗുലേഷൻ (വിനോദ പ്രവർത്തന നിയമം) അനുസരിച്ചാണ് പുതിയ നടപടി.

അനുമതിയില്ലാതെ പരിപാടികൾ പാടില്ല; ചില ഇളവുകൾ

ഇനിമുതൽ അതോറിറ്റിയുടെ ലൈസൻസോ, പെർമിറ്റോ, അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ഒരു തരത്തിലുള്ള വിനോദ പരിപാടികളോ അനുബന്ധ പ്രവർത്തനങ്ങളോ നടത്താൻ പാടുള്ളതല്ലെന്ന് നിയമം വ്യക്തമാക്കുന്നു. എന്നാൽ, ആവശ്യമായ ഘട്ടങ്ങളിൽ പെർമിറ്റ് നിബന്ധനകളിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം അതോറിറ്റി ബോർഡിനായിരിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ ഈ നിയമത്തി​െൻറ പരിധിയിൽ വരുന്ന വിനോദ പരിപാടികളിലോ അനുബന്ധ പ്രവർത്തനങ്ങളിലോ പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്വകാര്യ പരിപാടികളും പ്രത്യേക ഷോകളും ഈ നിയമത്തിന് കീഴിലുള്ള വിനോദ പ്രവർത്തനങ്ങളുടെ പരിധിയിൽ വരില്ല.

 

അക്രഡിറ്റേഷനും അതോറിറ്റിയുടെ പ്രത്യേക അധികാരങ്ങളും

അമ്യൂസ്‌മെൻറ്​ പാർക്കുകളോ വിനോദ കേന്ദ്രങ്ങളോ പ്രവർത്തിപ്പിക്കുന്നതിനും വിനോദ-തത്സമയ ഷോകൾ നടത്തുന്നതിനും മുമ്പായി ലൈസൻസ് നേടിയിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. അതോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടതും നിർബന്ധമാണ്.

പങ്കെടുക്കുന്നവരുടെയോ കാണികളുടെയോ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അപകടമോ ഉണ്ടായാൽ, അല്ലെങ്കിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ, അതുമല്ലെങ്കിൽ പൊതുതാത്പര്യം മുൻനിർത്തി ഏത് വിനോദ പരിപാടിയും പൂർണമായോ ഭാഗികമായോ, സ്ഥിരമായോ, താൽക്കാലികമായോ നിർത്തിവെക്കാൻ അതോറിറ്റിക്ക് പൂർണ അധികാരമുണ്ട്.

ടിക്കറ്റ് നിരക്കിലെ വിഹിതം: പുതിയ നിയമപ്രകാരം വിനോദ പരിപാടികളുടെ ടിക്കറ്റ് വിൽപ്പനയിൽനിന്ന് ഒരു നിശ്ചിത തുക ഈടാക്കാനുള്ള അവകാശവും അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ചട്ടങ്ങളിൽ വ്യക്തമാക്കുന്നത് അനുസരിച്ച് ഇത് ഓരോ ടിക്കറ്റ് നിരക്കി​െൻറയും പരമാവധി 10 ശതമാനം വരെ ആയിരിക്കും.

കർശനമായ മേൽനോട്ടവും പരിശോധനയും

പൊതുനിർദേശങ്ങളും പൊതുമര്യാദകളും കൃത്യമായി പാലിക്കേണ്ടതി​െൻറ ആവശ്യകത ഊന്നിപ്പറയുന്ന നിയമം, വിനോദ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക, പരാതികൾ സ്വീകരിക്കുക, നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിവ അതോറിറ്റിയുടെ ചുമതലകളായി നിശ്ചയിച്ചിട്ടുണ്ട്.

പരിശോധകരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് നിരോധിച്ചിരിക്കുന്നു. വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകളും ജീവനക്കാരും പരിശോധകരുമായി പൂർണമായി സഹകരിക്കാൻ ബാധ്യസ്ഥരാണ്. കണ്ടെത്തുന്ന നിയമലംഘനങ്ങൾ അതോറിറ്റി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറും. എന്നാൽ, നിശ്ചിത സമയത്തിനകം പിഴവുകൾ തിരുത്താൻ കേസ് കമ്മിറ്റിക്ക് കൈമാറുന്ന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകി, നിയമലംഘനം നടത്തിയ വ്യക്തിക്ക് സാഹചര്യം ശരിയാക്കാൻ അതോറിറ്റി സമയം അനുവദിക്കുന്നതാണ്.

നിയമലംഘകർക്കുള്ള ശിക്ഷാനടപടികൾ

ഈ നിയമത്തിലെയോ അതിന്റെ ചട്ടങ്ങളിലെയോ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നത്. നിയമലംഘകർക്ക് താഴെ പറയുന്ന ഒന്നോ അതിലധികമോ ശിക്ഷകൾ ലഭിക്കാവുന്നതാണ്:

1. പരമാവധി 10 ലക്ഷം റിയാൽ വരെയുള്ള കനത്ത പിഴ.

2. അഞ്ച് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് വിനോദ-അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നുള്ള വിലക്ക്.

3. ലൈസൻസോ പെർമിറ്റോ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റോ റദ്ദാക്കൽ അല്ലെങ്കിൽ താൽക്കാലികമായി നിർത്തിവെക്കൽ.

വിനോദ മേഖലയിൽ നിർണായക ചുവടുവെപ്പ്

സൗദി അറേബ്യയിലെ വിനോദ മേഖലയുടെ വികസനത്തിൽ ഈ നിയമം വളരെ നിർണായകമായ ഒരു ചുവടുവെപ്പാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. എല്ലാ വിനോദ പ്രവർത്തനങ്ങളെയും ലൈസൻസി​െൻറ പരിധിയിൽ കൊണ്ടുവരുന്നത് വഴി ഈ മേഖലയുടെ വളർച്ചയും സുസ്ഥിരതയും വർധിപ്പിക്കാനും, നിക്ഷേപ ആകർഷണീയത കൂട്ടാനും, ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

ലൈസൻസ് നടപടിക്രമങ്ങൾ ക്രമീകരിക്കുന്നതിലൂടെയും ആവശ്യമായ മാനണ്ഡങ്ങളും നിയന്ത്രണങ്ങളും നിശ്ചയിക്കുന്നതിലൂടെയും പുതിയ നിയമം വിനോദ പ്രവർത്തനങ്ങൾക്ക് സമഗ്രമായ ഒരു നിയന്ത്രണ ചട്ടക്കൂടാണ് ഒരുക്കിയിരിക്കുന്നതെന്നും ഒപ്പം ശക്തമായ നിരീക്ഷണ സംവിധാനം ഇത് ഉറപ്പാക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Licenses made mandatory for entertainment events in Saudi Arabia; violators face fines of up to 1 million Riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.