റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസുകൾക്കെതിരെയുള്ള പരിശോധനകൾ നാഷണൽ ആൻറി കൊമേഴ്സ്യൽ കൺസീൽമെൻറ് കമ്മിറ്റി (ദേശീയ ബിനാമി വിരുദ്ധ സമിതി) കൂടുതൽ ശക്തമാക്കി. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടത്തിയ 4500-ഓളം പരിശോധനകളിൽ നിന്നാണ് ബിനാമി ബിസിനസ്സ് സംശയമുള്ള 104 പുതിയ കേസുകൾ കൂടി കണ്ടെത്തിയത്.
കൃത്യമായ സൂചനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ വ്യാപക പരിശോധനകൾ. കണ്ടെത്തിയ കേസുകളിലെ കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തെ വാണിജ്യസ്ഥാപനങ്ങൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബിനാമി വിരുദ്ധ നിയമലംഘനങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും പൂർണമായി തുടച്ചുനീക്കുന്നതിനുമാണ് ഈ പരിശോധനകൾ ലക്ഷ്യമിടുന്നത്. വിവിധ തന്ത്രപ്രധാനമായ വാണിജ്യമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സമിതിയുടെ പരിശോധനകൾ.
ചരക്ക് നീക്കത്തിനുള്ള റോഡ് ഗതാഗതം, സ്കൂളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയ പാർപ്പിടേതര കെട്ടിടങ്ങളുടെ പൊതുവായ നിർമാണ മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാർഹിക വൈദ്യുതോപകരണങ്ങളുടെയും ചില്ലറ വിൽപന കേന്ദ്രങ്ങൾ, സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും ചില്ലറ വിൽപനശാലകൾ, വിവിധ തരത്തിലുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന പൊതു ഗോഡൗണുകൾ എന്നിവയും സമിതിയുടെ കർശന പരിശോധനയ്ക്ക് വിധേയമായി.
ബിനാമി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അന്തിമ കോടതി വിധികൾക്ക് വിധേയമായി കനത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടലും പിടിച്ചെടുക്കലും എന്നിവയാണ് പ്രധാന ശിക്ഷകൾ. ഇവക്ക് പുറമെ നിയമം അനുശാസിക്കുന്ന മറ്റ് അനുബന്ധ ശിക്ഷകളും കുറ്റവാളികൾക്ക് ലഭിക്കും.
കുറ്റകൃത്യം നടന്ന വാണിജ്യ സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ് പൂർണമായും നിർത്തലാക്കുക, കൊമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കുക, പുതിയ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കുടിശ്ശികയുള്ള സകാത്ത്, ഫീസുകൾ, നികുതികൾ എന്നിവ കുറ്റക്കാരിൽ നിന്ന് പൂർണമായി ഈടാക്കുന്നതോടൊപ്പം, ഇവരുടെ വിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമവിരുദ്ധമായി ബിസിനസ് നടത്തിയ വിദേശികളെ ശിക്ഷാകാലാവധിക്ക് ശേഷം സൗദിയിൽ നിന്ന് നാടുകടത്തുമെന്നും, പിന്നീട് മറ്റ് ജോലി ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് മടങ്ങിവരുന്നതിൽ നിന്ന് അവർക്ക് എന്നെന്നേക്കുമായി വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.