റിയാദ്: സൗദി അറേബ്യയും കെനിയയും തമ്മിൽ ഗാർഹിക തൊഴിലാളികളുടെ നിയമനം ക്രമീകരിക്കുന്നതിനുള്ള പുതിയ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും കെനിയൻ തൊഴിൽ-സാമൂഹിക സംരക്ഷണ മന്ത്രാലയവും തമ്മിലാണ് ഗാർഹിക തൊഴിൽ മേഖലയിലെ സഹകരണം പുതുക്കിക്കൊണ്ടുള്ള നിർണായക കരാർ നിലവിൽ വരുത്തിയത്.
കെനിയയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം സൗദിയിൽ നിയമിക്കുന്നത് ഉറപ്പാക്കുകയാണ് ഈ സുപ്രധാന നീക്കത്തിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കുന്നതിനൊപ്പം അവർ തമ്മിലുള്ള കരാർ ബന്ധങ്ങൾ സുഗമമായി നിയന്ത്രിക്കാനും പുതിയ ചട്ടക്കൂട് സഹായകരമാകും.
സൗദി-കെനിയൻ പൊളിറ്റിക്കൽ കൺസൾട്ടേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തോടനുബന്ധിച്ച് റിയാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ചായിരുന്നു ഔദ്യോഗിക ചടങ്ങുകൾ നടന്നത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, കെനിയൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുസാലിയ മുദാവദി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള സഹമന്ത്രി ഡോ. അബ്ദുള്ള ബിൻ നാസർ അബുതനൈൻ, കെനിയൻ തൊഴിൽ-സാമൂഹിക സംരക്ഷണ മന്ത്രി ഡോ. ആൽഫ്രഡ് എൻ. മുതുവ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. പുതിയ കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തൊഴിൽപരമായ സഹകരണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.