സൗദി ചരിത്രഗ്രാമമായ ‘ലിന’യിൽ നടക്കുന്ന ‘വിൻറർ ദർബ് സുബൈദ’ ഫെസ്റ്റിവലിലെ കാഴ്ചകൾ
യാംബു: അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതന വാണിജ്യ, ഹജ്ജ് പാതയായ 'ദർബ് സുബൈദ' (സുബൈദ പാത)യുടെ സ്മരണയുണർത്തി 'വിൻറർ ദർബ് സുബൈദ' ഫെസ്റ്റിവലിന് തുടക്കമായി. ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് രണ്ടാമത് ശീതകാല ഉത്സവത്തിന് പ്രാരംഭം കുറിച്ചിരിക്കുന്നത്. സൗദിയുടെ വടക്കൻ പ്രദേശമായ റഫയിൽനിന്ന് 100 കിലോമീറ്റർ തെക്കുഭാഗത്തുള്ള ചരിത്രഗ്രാമമായ 'ലിന'യിലാണ് സാംസ്കാരികമേള നടക്കുന്നത്.
മാർച്ച് 15 വരെ മേള നീണ്ടുനിൽക്കും. വൈവിധ്യമാർന്ന മുപ്പതോളം സാംസ്കാരിക-വിനോദ പരിപാടികളും അറബ് പൈതൃക പാരമ്പര്യ ശേഷിപ്പുകളുടെ പ്രദർശനവും മേളയിലുണ്ടാവും. പഴമയുടെ പെരുമ വിളിച്ചോതുന്നതും ഭൂത, വർത്തമാനകാലവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതുമായ വിവിധ പദ്ധതികളും ഉത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിവിധ പവിലിയനുകളും വിനോദ ഉല്ലാസകേന്ദ്രങ്ങളും പ്രദർശനവും ഭക്ഷണകേന്ദ്രങ്ങളും കരകൗശല വസ്തുക്കളുടെ പ്രദർശനവും സ്റ്റാളുകളും ഉത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
കുടുംബങ്ങൾക്കും കുട്ടികൾക്കും ഉല്ലസിക്കാനുള്ള ഇടങ്ങൾ, ചിത്രങ്ങളുടെയും സൗദി ഉൽപന്നങ്ങളുടെയും പവിലിയനുകൾ, സൗദി കാപ്പിയുടെ മഹത്ത്വം വിളിച്ചോതുന്ന പ്രത്യേക പ്രദർശനം, യാത്രക്കും വിനോദസഞ്ചാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങൾ, എല്ലാ അഭിരുചിക്കാർക്കും ഉപകരിക്കുന്ന വിവിധ പരിപാടികൾ എന്നിവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്ക് 1400 മീറ്റർ നീളത്തിൽ കിടന്നിരുന്ന 'ദർബ് സുബൈദ' പാത അറബ് ചരിത്രത്തിലെ സാമ്പത്തിക, സാംസ്കാരിക, വിനിമയ, വ്യാപാര രംഗങ്ങളിൽ വലിയ സംഭാവനകളർപ്പിച്ചിട്ടുണ്ട്. ഈ പുരാതന പാതയുടെ സ്ഥാപനത്തിനും പരിപാലനത്തിനും യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിലും നൽകിയ അമൂല്യ സംഭാവനകളാൽ അബ്ബാസി ഖലീഫ ഹാറൂൺ അൽ റഷീദിന്റെ പത്നി സുബൈദ ബിൻത് ജഅ്ഫറിന്റെ പേരാണ് ഈ പാതക്ക് പതിഞ്ഞുകിട്ടിയത്.
പൗരാണിക അറേബ്യയിലെ ജലസ്രോതസ്സിനെയും ആ ജനതയുടെ സാഹോദര്യബന്ധത്തെയും സേവന സന്നദ്ധതയെയുംകുറിച്ചും പരിചയപ്പെടുത്തുന്ന പരിപാടികളും ഈ ഉത്സവത്തിലുണ്ടാവും.
സൗദി ചരിത്രഗ്രാമമായ 'ലിന'യിൽ നടക്കുന്ന 'വിൻറർ ദർബ് സുബൈദ' ഫെസ്റ്റിവലിലെ കാഴ്ചകൾ
പുരാവസ്തുക്കളാൽ സമ്പന്നമായ ഗ്രാമങ്ങളിൽ ഒന്നാണ് ലിന. സൗദിയിലെ അഞ്ചു പട്ടണങ്ങളിലൂടെ കടന്നുപോയിരുന്ന സുബൈദ പാതയുടെ പല അടയാളങ്ങളും കാലത്തിനിപ്പുറത്തേക്ക് പല ഭാഗങ്ങളിലും തെളിഞ്ഞുകിടക്കുന്നുണ്ട്. മക്ക, മദീന, വടക്കൻ അതിർത്തി മേഖല, ഹാഇൽ, അൽ ഖസീം പ്രവിശ്യകൾ തുടങ്ങിയ ഭാഗങ്ങളിലുള്ള പൈതൃക ശേഷിപ്പുകൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് ഇപ്പോൾ സംരക്ഷിച്ചുവരുകയാണ്. ദേശീയ പരിവർത്തന പദ്ധതിയുടെ പൈതൃക സംരക്ഷണ പരിപാടിയിൽപെടുത്തി വിപുലമായ നവീകരണ പദ്ധതികൾ ഊർജിതമാക്കി നടപ്പാക്കുന്നു. അറബ് ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന സുബൈദ പാതയുടെ പേരിലുള്ള ശീതകാലോത്സവം സൗദിയുടെ സാംസ്കാരിക ചരിത്രത്തിൽ പ്രാധാന്യപൂർവം അടയാളപ്പെടുത്തിയ ഒരു മേളയായി ഇതിനകം മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.