സൗദിയിൽ സെൻസസ് ഊർജ്ജിതം; ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കിൽ പിഴയടക്കേണ്ടിവരും

യാംബു: സൗദിയിൽ 2022 ലെ ജനസംഖ്യ കണക്കെടുപ്പ് സജീവമായി പുരോഗമിക്കുന്നു. സെൻസസ് പ്രക്രിയയുമായി നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ താമസസ്ഥലങ്ങളിൽ എത്തുമ്പോൾ അവരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട വിവരങ്ങൾ നൽകണമെന്നും അല്ലാത്തപക്ഷം ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് മുന്നറിയിപ്പ് നൽകി. അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ സാദ് അൽദഖീനി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ സെൻസസുമായി സഹകരിക്കാതെ വിവരങ്ങൾ നൽകാതിരിക്കുകയോ വ്യാജവിവരങ്ങൾ നൽകുകയോ ചെയ്താലുള്ള ശിക്ഷാ നടപടികൾ വിശദീകരിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാൽ ആദ്യഘട്ടത്തിൽ 500 റിയാൽ പിഴചുമത്തുമെന്നും ആവർത്തിച്ചാൽ 1000 റിയാൽ പിഴയാണ് ചുമത്തുകയെന്നും വ്യക്തമാക്കി. ജൂൺ 15 വരെ നടക്കുന്ന സെൻസസ് പ്രക്രിയയിൽ നിലവിൽ രാജ്യത്തുള്ള വിദേശികളടക്കം എല്ലാവരുടെയും വിശദവിവരങ്ങൾ ശേഖരിക്കാൻ ബ്രഹത്തായ പദ്ധതികളാണ് അധികൃതർ ഇതിനകം ഒരുക്കിയിരിക്കുന്നത്.

ഒരു മാസം മുമ്പ് തന്നെ സൗദിയിലെ എല്ലാ കെട്ടിടങ്ങളിലും സെൻസസിന്റെ മുന്നോടിയായി പ്രത്യേക സ്റ്റിക്കർ പതിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ സ്റ്റിക്കർ പതിച്ച കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും സെൻസസ് ഉദ്യോഗസ്ഥരെത്തി താമസക്കാരുടെ വിശദ വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയാണിപ്പോൾ ഊർജിതമായി നടക്കുന്നത്. സെൻസസിനായി മൂന്ന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. താമസ സ്ഥലത്ത് എത്തുന്ന ഫീൽഡ് ഉദ്യോഗസ്ഥാർക്ക് വിവരങ്ങൾ നൽകി ഫോം പൂരിപ്പിച്ചു നൽകുകയോ അതോറിറ്റിയുടെ വെബ് സൈറ്റ് വഴിയോ മാർക്കറ്റുകളിലോ മറ്റു കേന്ദ്രങ്ങളിലോ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടർ വഴിയോ സെൻസസ് പ്രക്രിയയിൽ പങ്കു കൊള്ളാം. തിരിച്ചറിയൽ കാർഡുള്ള പ്രത്യേക യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെയാണ് സെൻസസിനായി നിശ്ചയിച്ചിട്ടുള്ളതെന്നും അതോറിറ്റി വക്താവ് അറിയിച്ചു.

വിവരങ്ങൾ ശേഖരിക്കാൻ ബന്ധപ്പെടുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഒരുക്കികൊടുക്കാതിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക, കൈയേറ്റം ചെയ്യുക എന്നിവ സംഭവിച്ചാൽ പൊലീസ് വകുപ്പുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ എടുക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ സെൻസസ് പ്രക്രിയകൾ നല്ല നിലയിൽ പൂർത്തിയാക്കാൻ സഹകരിച്ച രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വക്താവ് അഭിനന്ദിച്ചു. രാജ്യത്തോടുള്ള കടമയുടെയും സമൂഹത്തിന്റെ ഉത്തരവാദിത്ത നിർവഹണത്തിന്റെയും ഭാഗമാണ് സെൻസസുമായി സഹകരിക്കുക എന്നത്. അധികൃതർ നൽകേണ്ട ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾക്കും മറ്റും കൃത്യമായ ഡാറ്റ ലഭിക്കുക എന്നത് അനിവാര്യമാണെന്നും വക്താവ് കൂട്ടിച്ചേർത്തു. കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് https://survey.saudicensus.sa/ar ലിങ്ക് മുഖേന ഓൺലൈൻ വഴി 2022 സൗദി സെൻസസിൽ പങ്കെടുക്കാനുള്ള അവസരം താമസക്കാർക്ക് ഇക്കുറി നൽകിയത് പലർക്കും ഏറെ ആശ്വാസമായി വിലയിരുത്തുന്നു.

Tags:    
News Summary - Will be fined If not cooperate with officials for Census in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.