സ്റ്റീവിയ ചെടി
റിയാദ്: കൃഷിഭൂമിയിലെ വൈവിധ്യവൽക്കരണത്തിൽ പുതിയ ചരിത്രമെഴുതി സൗദി അറേബ്യയിൽ പ്രകൃതിദത്ത പഞ്ചസാരയായ ‘സ്റ്റീവിയ’ കൃഷി വിജയകരം.
നജ്റാൻ മേഖലയിലെ കർഷകനായ ഹമദ് അബു മൻസൂറിന്റെ ഫാമിലാണ് ആരോഗ്യദായകമായ ഈ സസ്യം വിജയകരമായി വിളയിച്ചത് പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞതെന്ന് ഹമദ് അൽ മൻസൂർ പറഞ്ഞു.
വിദേശത്തുള്ള തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഈജിപ്തിൽ നിന്നാണ് വിത്തുകൾ എത്തിച്ചത്.നിരവധി നാളുകളിലെ അന്വേഷണത്തെ തുടർന്ന് 2020-ൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ വിത്തുകൾ ഇറക്കുമതി ചെയ്തു.
പരീക്ഷണത്തിൽ നിന്ന് വിജയത്തിലേക്ക്
2020 ഫെബ്രുവരിയിൽ 360 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചെറിയ പ്ലോട്ടിലായിരുന്നു പരീക്ഷണം. ഹരിതഗൃഹങ്ങളുടെ (ഗ്രീൻ ഹൗസ്) സഹായമില്ലാതെ തുറന്ന നിലത്താണ് ചെടികൾ വളർത്തിയത്. പ്രതിദിനം 12 മണിക്കൂർ വെളിച്ചം ആവശ്യമായ ഈ സസ്യത്തിന് ജലലഭ്യത കുറഞ്ഞാൽ വളർച്ച പെട്ടെന്ന് തടസ്സപ്പെടും. ചെടികളിൽ കീടബാധ ഒട്ടും ഉണ്ടായില്ല എന്നത് പദ്ധതി വ്യാപിപ്പിക്കാൻ കർഷകന് ആത്മവിശ്വാസം നൽകി. പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിലെ കാർഷിക വിപുലീകരണ വിഭാഗം ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വിപണിയിലേക്കുള്ള ചുവടുവെപ്പ്
നടീലിനു ശേഷം മൂന്ന് മാസം പിന്നിട്ടപ്പോൾ വിളവെടുപ്പ് ആരംഭിച്ചു. ഇലകൾ ഫാമിൽ തന്നെ ഉണക്കി പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം വെല്ലുവിളികൾ നേരിട്ടെങ്കിലും ശാസ്ത്രീയമായ പരിഷ്കരണങ്ങളിലൂടെ ഇന്ന് 1,000 ചതുരശ്ര മീറ്ററിലേക്ക് കൃഷി വ്യാപിപ്പിച്ചു.
ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യുന്നുണ്ട്. പാക്കേജിംഗിനായി അത്യാധുനിക മെഷീനുകൾ എത്തിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അൽ മൻസൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.