തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് എം.എൽ.എ, എം.പി എന്നിവരേക്കാൾ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തമാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനോപകാരപ്രദമായ കാര്യങ്ങൾ ഉത്തരവാദിത്വത്തോടുകൂടി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾക്ക് നിർവഹിക്കാനുള്ളത്.
പൊതുപ്രവർത്തകൻ സമൂഹത്തിെൻറ പൊതുസ്വത്താണ്. ദിവസവും വെളുത്ത വസ്ത്രം ഇട്ട് വസ്ത്രം ചുളിയാതെ നടക്കുന്നതല്ല പൊതുപ്രവർത്തനം. നാടിെൻറ വികസന പ്രവർത്തനങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുകയും തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും സാധിച്ചുകൊടുക്കാൻ ജാഗ്രത പാലിക്കുകയും വേണം.
നാടിെൻറ വികസനത്തിന് റോഡുകൾ, കുടിവെള്ള പദ്ധതി, വാസയോഗ്യമായ വീടുകൾ, വൈദ്യുതി, ന്യായവിലക്ക് ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ തുടങ്ങി അടിസ്ഥാനപരമായ സൗകര്യങ്ങൾ വർധിപ്പിക്കാനും വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ ഉയർത്തിക്കൊണ്ടുവരാനും നാട്ടിൽ മയക്കുമരുന്ന്, ലഹരി പോലുള്ള അധർമങ്ങള് ഇല്ലായ്മ ചെയ്യാനും നിയമവ്യവസ്ഥകള്‍ സംരക്ഷിക്കാനുമുള്ള ഉത്സാഹശാലികളായിരിക്കണം ജനപ്രതിനിധികൾ.
നാടിെൻറ നന്മക്കുപകരിക്കുന്ന തരത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. ജനസേവനവും മൂല്യാധിഷ്ഠിതവും അര്‍പ്പണബോധവും സാമൂഹികപ്രതിബദ്ധതയുമാണ് ഒരു ജനപ്രതിനിധിയുടെ ജീവൻ. താൻ കാരണമായി ഒരാൾക്കും ഒരവകാശവും തഴയപ്പെടാൻ പാടില്ലെന്നൊരു നിർബന്ധ ബുദ്ധി ഓരോ ജനപ്രതിനിധിയുടെയും ഉള്ളിൽ ഉണ്ടായിരിക്കണം. ഏറ്റവും നല്ല മനുഷ്യൻ ജനങ്ങൾക്ക് ഏറ്റവും നന്നായി സേവനം ചെയ്യുന്നവനാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
സുതാര്യതയും സത്യസന്ധതയും ഉത്തരവാദിത്വ ബോധവും വിശ്വാസ്യതയുമാണ് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്. അവകാശങ്ങൾ ജാതിമത ചിന്തകള്‍ക്ക് അതീതമായി അർഹരിലേക്ക് എത്താനും അഴിമതിയെയും കൈക്കൂലിയേയും അതിജീവിച്ച് വിവേചനമില്ലാതെ നാടിെൻറ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഒരു യഥാർഥ പൊതുപ്രവർത്തകനാകുന്നത്.
പൊതുപ്രവർത്തനത്തിലൂടെ എനിക്ക് എന്ത് നേടിയെടുക്കാൻ കഴിഞ്ഞു എന്നതല്ല പൊതുജനത്തിന് എന്ത് ചെയ്തു കൊടുക്കാൻ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്. പൊതുപ്രവർത്തനത്തെ ധനാഗമ മാർഗമായി കളങ്കപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വജനപക്ഷപാതവും അഹങ്കാരവും ഉണ്ടാകരുത്. സേവനം തേടിയെത്തുന്നവരോട് വിശ്വസ്തതയും പെരുമാറ്റത്തിൽ അന്തസ്സും പാലിക്കുകയും ഉത്തരവാദിത്വങ്ങൾ ഭരണഘടന പ്രകാരം നിർഭയമായും ആരോടും പ്രത്യേകമായ പരിഗണനയോ വിദ്വേഷമോ മമതയോ പക്ഷപാതമോ കൂടാതെ ആത്മാർഥതയോടും നിഷ്പക്ഷമായും നിർവഹിക്കുന്ന ഒരു ജനപ്രതിയാകാനാണ് ശ്രമിക്കേണ്ടത്.
നമ്മുടെ സംവിധാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. താൻ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കുവേണ്ടിയോ മുന്നണിക്കുവേണ്ടിയോ ആണ് ഓരോ സ്ഥാനാര്‍ഥിയും വോട്ടു തേടുന്നത്. എന്നാല്‍ ജയിച്ചുകഴിഞ്ഞാല്‍ അയാള്‍ പാര്‍ട്ടി പ്രതിനിധിയല്ല, ജനപ്രതിനിധിയാണ് എന്ന കാര്യം മറന്നുപോകരുത്. നമുക്കെതിരെ മത്സരിച്ചവരെയും നമ്മെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചവരെയും ഉള്‍ക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.