ദമ്മാമിലെ വെസ്കോസ മലയാളി അസോസിയേഷൻ എറണാകുളം ജനറൽ ആശുപത്രിക്ക് നൽകുന്ന ട്രോളി ബെഡുകളുടെ വിതരണോദ്ഘാടനം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷാക്ക് കൈമാറി നിർവഹിക്കുന്നു
ദമ്മാം: വെസ്കോസ മലയാളി അസോസിയേഷൻ ‘കനിവ് 2024-25’ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിക്ക് 1.5 ലക്ഷം രൂപയുടെ മൂന്ന് എമർജൻസി ഹൈഡ്രോളിക് ട്രോളി ബെഡുകൾ നൽകി. ജനറൽ ആശുപത്രിയിൽ മുൻ ഭാരവാഹി സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷാക്ക് ട്രോളി ബെഡുകൾ കൈമാറി വിതരണോദ്ഘാടനം നടത്തി.
അസോസിയേഷൻ അംഗങ്ങൾ കേരളത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാകുമെന്നും കലക്ടർ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ല ആശുപത്രിയുടെ ജനക്ഷേമപരമായ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട് ആശുപത്രിക്ക് സഹായഹസ്തവുമായി എത്തിയ വെസ്കോസ മലയാളി അസോസിയേഷന്റെ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹീർഷ സംസാരിച്ചു.
ടോം തോമസ്, എൻ.എ. അനീസ്, റജീന, സാദർ സുലൈമാൻ, ശ്യാം കുമാർ, അനൂബ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു. യാസർ അറാഫത്ത് സ്വാഗതവും ഗിരിഷ് കുമാർ നന്ദിയും പറഞ്ഞു. ഹോസ്പിറ്റൽ പി.ആർ.ഒ ബിബി അവതാരികയായിരുന്നു. സംഘടനയുടെ വാർഷിക പദ്ധതിയായ ‘കനിവി’ൽ ഉൾപ്പെടുത്തിയാണ് എറണാകുളം ജനറൽ ആശുപത്രിക്ക് എമർജൻസി ട്രോളി ബെഡുകൾ നൽകിയത്.
മുമ്പും കനിവ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലാ ആശുപത്രിക്ക് വീൽ ചെയർ നൽകിയും കൂടാതെ എൻഡോസൾഫാൻ ദുരിതബാധിതരായ 11 പേർക്ക് 20,000 രൂപ വീതം ധനസഹായം നൽകിയതുൾപ്പടെയുള്ള പ്രവർത്തങ്ങൾ അസോസിയേഷൻ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.