പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി യോഗത്തിൽ സാബു മേലതിൽ സംസാരിക്കുന്നു
അൽ ഖോബാർ: വഖഫ് നിയമത്തിൽ വരുത്തുന്ന ഭേദഗതി വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്നും ഇതിന്റെ മറവിൽ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ നിഷേധിക്കാനുള്ള ബോധപൂർവമായ നീക്കമാണെന്നും പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി ആരോപിച്ചു.
പൊതുസംവാദം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയെ പുനർനിർമിക്കുന്നതിൽ ഫാഷിസ്റ്റ് ഘടകങ്ങൾ സജീവമായി ഏർപ്പെട്ടിരിക്കുന്നതായി കമ്മിറ്റി നിരീക്ഷിച്ചു.
ഈ സാംസ്കാരിക അധിനിവേശം തന്ത്രപരവും നിരന്തരവുമാണെന്നും സമൂഹത്തിന്റെ ബഹുസ്വര ഘടനയെ ഭീഷണിപ്പെടുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിൽ വെൽഫെയർ പാർട്ടി ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കാനും പ്രതികരിക്കാനും പ്രവർത്തകരോടും അംഗങ്ങളോടും യോഗം ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കാനും അവരുടെ അവകാശങ്ങൾ ധ്വംസിക്കാനുമുള്ള ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾ തുറന്നുകാട്ടാനും അവക്കെതിരെ പൊതുജനാഭിപ്രായം സമാഹരിക്കാനും ഈ പ്രതിഷേധങ്ങൾ ലക്ഷ്യമിടുന്നു.
‘എമ്പുരാൻ’ ചലച്ചിത്ര പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗം ചർച്ച ചെയ്തു. സിനിമ പോലുള്ള ആവിഷ്കാരങ്ങൾ എങ്ങനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാമെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ‘എമ്പുരാൻ’ ചലച്ചിത്ര വിവാദം. എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ സംബന്ധിച്ച് നടത്തിയ പ്രസംഗം പ്രകോപനപരവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ്.
സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ളതും വർഗീയ സംഘർഷം പരത്തുന്നതുമായ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമപരവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കാൻ സർക്കാരും മതേതര വിശ്വാസികളും തയാറാവണം.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി താഴെത്തട്ടിലുള്ള ഇടപെടൽ ശക്തമാക്കാനും പൊതുജന അവബോധം വളർത്താനും മറ്റു ജനാധിപത്യ, മതേതര ശക്തികളുമായി സഹകരിക്കാനും യോഗം നിർദേശം നൽകി. വഖഫ് ഭേദഗതിക്ക് എതിരെ നടന്ന കോഴിക്കോട് എയർപോർട്ട് ഉപരോധത്തിലുണ്ടായ പൊലീസ് അതിക്രമത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പടുത്തി.
റീജനൽ പ്രസിഡന്റ് ഖലീലുറഹ്മാൻ അന്നടുക്ക അധ്യക്ഷതവഹിച്ചു. സാബു മേലതിൽ സംസാരിച്ചു. അഡ്വ. നവീൻ കുമാർ, അൻവർ സലീം, റഷീദ് ഉമർ, പി.ടി. അഷ്റഫ്, ആരിഫ ബക്കർ, താഹിറ സജീർ, മുഹമ്മദ് ഹാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫൗസിയ അനീസ് സ്വാഗതവും ഷജീർ തൂണേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.