റിയാദ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഗൾഫ് നഗരങ്ങളിൽ തരംഗം സൃഷ്ടിച്ച ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ശനിയാഴ്ച വൈകീട്ട് റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ അരങ്ങേറും.
വിവിധ ദേശക്കാരായ 30-ലധികം മത്സരാർത്ഥികളാണ് തങ്ങളുടെ പാചക നൈപുണ്യവും അവതരണ ചാതുരിയും ജനസമക്ഷം മാറ്റുരയ്ക്കാൻ വേദിയിലെത്തുന്നത്. കൈമ, ജീരകശാല അരികളിൽ പ്രത്യേക മസാലക്കൂട്ടുകൾ ചേർത്ത് തനത് ശൈലിയിൽ പാകം ചെയ്യുന്ന ബിരിയാണി രുചിച്ചറിയാൻ പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറുമായ രാജ് കലേഷിനൊപ്പം റിയാദിലെ ബിരിയാണി ആസ്വാദകരും ഒത്തുചേരും. മലബാർ, കൊച്ചി, തെക്കൻ-വടക്കൻ കേരളീയ ശൈലികൾക്ക് പുറമെ മുഗളായ്, ഹൈദരാബാദി, കറാച്ചി തുടങ്ങിയ വൈവിധ്യമാർന്ന ബിരിയാണികളും മത്സരവേദിയിൽ അണിനിരക്കും.
പാരമ്പര്യമായി ലഭിച്ച അറിവുകളും സ്വന്തമായി വികസിപ്പിച്ചെടുത്ത പാചകതന്ത്രങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ രാജ് കലേഷിനോടൊപ്പം അൽ ഹൊഖൈർ ഗ്രൂപ്പ് ചീഫ് ഷെഫ് ടി.കെ. മഷ്ഹൂദ്, മാരിയറ്റ് ഇൻറർനാഷനൽ ഹോട്ടലിലെ ഷെഫ് ഫാസിൽ എന്നിവരും വിധികർത്താക്കളാവും. പരിപാടിയുടെ സമാപനത്തിൽ മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്യും. ‘ബിരിയാണി രാജ’, ‘ബിരിയാണി ദം സ്റ്റാർ’ എന്നീ രണ്ട് പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വെറുമൊരു മത്സരമെന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ആസ്വദിക്കാനാകുന്ന ഒരു വലിയ സാംസ്കാരിക-സൗഹൃദ സംഗമമായാണ് ഈ മെഗാ ഇവൻറ് ഒരുക്കുന്നത്. രുചിമേളയ്ക്ക് മാറ്റുകൂട്ടാനായി മാജിക് ഷോ, വൈവിധ്യമാർന്ന സംഗീത പരിപാടികൾ, കാണികൾക്കായുള്ള പ്രത്യേക ഗെയിമുകൾ എന്നിവയും അരങ്ങേറും.
കാണികൾക്കും ആകർഷകമായ നിരവധി സമ്മാനങ്ങൾ നേടാൻ അവസരമുണ്ടാകും. ഗായകരായ ഹിബ അബ്ദുൽ സലാം, അബ്ദുൽ റഹീം, ലിനെറ്റ് സ്കറിയ എന്നിവർ നയിക്കുന്ന സംഗീതവിരുന്നും, ‘ഇശൽ വോയ്‌സ് കെ.എസ്.എ’ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവയാണ് പരിപാടിയുടെ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.