സാമ്പത്തിക മാന്ദ്യം;  വാഹനങ്ങള്‍ക്ക് വില കുറയുന്നു 

ജിദ്ദ: സാമ്പത്തിക മാന്ദ്യം വാഹന വിപണിയില്‍ വിലയിടിവിനും ഏജന്‍സികള്‍ തമ്മിലുള്ള മത്സരത്തിനും കാരണമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രത്യേകം ഓഫറുകളും വിലക്കിഴിവുകളുമായാണ് വാഹന ഏജന്‍സികളും മറ്റും രംഗത്തത്തെിയത്. തവണ വ്യവസ്ഥയില്‍ പണമടച്ച് വാഹനം സ്വന്തക്കാന്‍ നിരവധി ആകര്‍ഷകമായ കിഴിവുകളും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നിരക്കിന്‍െറ പകുതിയോളം വരെ തവണ വ്യവസ്ഥയില്‍ കിഴിവ് നല്‍കിയാണ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹന വില്‍പ്പനയില്‍ 25 ശതമാനത്തോളം കുറവാണ് വിപണിയിലുണ്ടായതെന്ന് വിവിധ ഷോറൂമുകള്‍ വ്യക്തമാക്കി. പൊതുവെയുള്ള സാമ്പത്തിക മാന്ദ്യമാണ് വാഹനങ്ങളുടെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് പ്രമുഖ കാര്‍ വിതരണ കമ്പനിയായ അലി രിദ മേധാവി പറഞ്ഞു. വാഹനങ്ങള്‍ വാങ്ങുന്നതിന് വായ്പ അനുവദിക്കുന്ന ഫൈനാന്‍സ് സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക ടാര്‍ഗറ്റ് തികക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിന്‍െറ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില പണമിടപാട് സ്ഥാപനങ്ങള്‍ വാഹന വില്‍പ്പന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടാണ് വ്യക്തികള്‍ക്ക് വായ്പ അനുവദിക്കുന്നത്. വാഹന വിപണിയില്‍ 2017 മോഡല്‍ വാഹനങ്ങള്‍ എത്തിക്കൊണ്ടിരിക്കെ കാര്‍ എജന്‍സികളുമായി കരാറിലേര്‍പ്പെട്ട് ആകര്‍ഷകമായ ഇളവുകള്‍ നല്‍കിയാണ് പണമിടപാട് സ്ഥാപനങ്ങള്‍ വിപണി സജീവമാക്കുന്നത്. ഇതിനായി തവണ വ്യവസ്ഥകളില്‍ വന്‍ കിഴിവുകളാണ് നല്‍കുന്നത്. മാസ തവണ മുമ്പുള്ളതിനേക്കാള്‍ പകുതി നിരക്ക് പ്രഖ്യാപിച്ചും മെയ്ന്‍റനന്‍സും ഗ്യാരണ്ടിയും അഞ്ചുവര്‍ഷമാക്കിയും പ്രഥമ ഗഡു അടക്കേണ്ട കാലാവധി നീട്ടി നല്‍കിയും മറ്റും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം കാരണം വാങ്ങല്‍ ശേഷി കുറഞ്ഞതും ലോകാടിസ്ഥാനത്തില്‍ വാഹന വില കുറഞ്ഞതുമെല്ലാം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 
Tags:    
News Summary - vehicle Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.