ഉംറ തീർഥാടകരുടെ മരണം; അംബാസഡർ അനുശോചിച്ചു
ജിദ്ദ: റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച് കത്തി നാലുപേർ വെന്തുമരിച്ച സംഭവത്തിൽ ബ്രിട്ടനിലെ സൗദി അംബാസഡർ അനുശോചനം രേഖപ്പെടുത്തി. ഉംറക്കെത്തിയ ബ്രിട്ടീഷ് പൗരൻമാരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിലാണെന്ന് അംബാസഡർ അമീർ മുഹമ്മദ് ബിൻ നവാഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജിദ്ദ: റാബിഗിൽ ഉംറ തീർഥാടകരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു കാരണം ടാങ്കറിനെ മറികടക്കാൻ ഒരു കാർ ശ്രമിച്ചതാണെന്ന് ട്രാഫിക് വകുപ്പ്. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബ്രിട്ടൻ പൗരന്മാരായ തീർഥാടകർ സഞ്ചരിച്ച ബസും പെട്രോൾ ടാങ്കറും ഒരു ഹ്യുണ്ടായ് കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ ടാങ്കറിനെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. എതിരെ വന്ന ബസുമായി കാർ കൂട്ടിയിടിക്കാറായിരുന്നു. അപകടം ഒഴിവാക്കാൻ ബസ് വെട്ടിച്ചു. തെന്നിമാറിയ ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും കത്തി. അപകടത്തിൽ നാല് ബ്രീട്ടീഷ് തീർഥാടകരും ടാങ്കർ ഡ്രൈവറായ പാകിസ്താൻ പൗരനും മരിച്ചു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസ് ഡ്രൈവറേയും കാർ ഒാടിച്ച സുഡാൻ പൗരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉംറക്ക് ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സഅ്ബറിൽ നിന്ന് അഞ്ചുകിലോമീറ്ററർ അകലെയായിരുന്നു അപകടം. ടാങ്കറും ബസും പൂർണമായി കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബസ് മുഴുവനും കത്തി വെറും ഒരു ലോഹ ചട്ടക്കൂട് മാത്രമായി പോയിയെന്ന് ഉംറ യാത്ര ഒരുക്കിയ ബ്രിട്ടീഷ് കമ്പനിയായ ഹാശിം ട്രാവൽസിെൻറ ഡയറക്ടർ ഗുൽഫറസ് സമാൻ ബി.ബി.സിയോട് പറഞ്ഞു. ഉത്തര ബ്രിട്ടനിൽ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ആറുപേർ ഇപ്പോഴും മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് സൗദിയിലെത്താൻ ലണ്ടനിലെ സൗദി എംബസി അടിയന്തിര വിസ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.