പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകണ സമ്മേളനത്തിൽ അബൂബക്കർ അരിമ്പ്ര ആദരപത്രം കൈമാറുന്നു

പ്രവാസി പ്രശ്‌നങ്ങളിൽ യു.ഡി.എഫ് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തും - പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ജിദ്ദ: പ്രവാസികൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ യാഥാർഥ്യമാണെന്നും അവക്കെല്ലാം പരിഹാരം കാണാൻ പുതിയ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയം മുഖ്യമന്ത്രി വി.ഡി സതീശൻ ഗൗരവത്തിലാണ് കാണുന്നത്. അത്തരം പ്രശ്‌നങ്ങൾക്കെല്ലാം സർക്കാർ തലത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും തങ്ങൾ പറഞ്ഞു.

ഇന്ത്യ-സൗദി സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ മഹത്തായ ചരിത്രമുണ്ട്. ഈ ബന്ധം കൂടുതൽ ഊഷ്മളമായി ഊട്ടിഉറപ്പിക്കുന്നതിൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾ വലിയ പങ്കാണ് വഹിക്കുന്നത്. പ്രവാചകൻ്റെ കാലത്ത് തന്നെ ഇന്ത്യയിൽ ഇസ്‌ലാമിൻ്റെ സന്ദേശമെത്തിയിട്ടുണ്ട്. കച്ചവട ആവശ്യത്തിന് ആ കാലത്ത് തന്നെ അറബികൾ നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്. അറബ് സംസ്കാരത്തിന് മഹത്തായ മാനുഷിക മൂല്യങ്ങളുണ്ട്. അതുകൊണ്ടാണ് അന്നം തേടി വന്ന നമ്മുടെ നാട്ടുകാരെ ഇവർ ചേർത്ത് പിടിക്കുന്നത്. സൗദി നിയമവ്യവസ്ഥകളിൽ പോലും മനുഷ്യ പറ്റിൻ്റെ കാരുണ്യം ഏറെ അനുഭവിക്കാനായിട്ടുണ്ട്.

അതിന് ഉദാഹരണമാണ് അബ്ദുൽറഹീമിന്റെ കേസ്. ഈ രാജ്യത്തെ ഭരണാധികാരികൾ അനുകമ്പയോടെയുള്ള സമീപനമാണ് നമ്മോട് കാണിക്കുന്നത്. ആധുനിക സൗദി അറേബ്യയുടെ നിർമ്മിതിയിൽ വലിയ പങ്ക് വഹിച്ചവരാണ് ഇന്ത്യൻ പ്രവാസികൾ. ഇനിയും സൗദിയിലെ നിയമ വ്യവസ്ഥകൾ പാലിച്ച് ഉത്തമ ഇന്ത്യക്കാരായി എല്ലാവരും മുന്നോട്ട് പോവണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലും പദ്ധതികളിലും ഏറെ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കരുത്തുറ്റ സംഘടന സംവിധാനങ്ങളെ പ്രത്യേകം പ്രശംസിച്ചു.

 ജിദ്ദ അൽ റിഹാബിലെ ലയാലി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര തങ്ങൾക്കുള്ള കെ.എം.സി.സിയുടെ ആദരപത്രം സമർപ്പിച്ചു. പ്രവാസി പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സി.കെ റസാഖ് മാസ്റ്റർ തങ്ങൾക്ക് കൈമാറി. സെൻട്രൻ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും തങ്ങളെ ഷാൾ അണിയിച്ചു. തങ്ങളെ കുറിച്ച് ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിൻ്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. അശ്‌റഫ് വേങ്ങാട്, നസീം പുളിക്കൽ, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള, വി.പി മുഹമ്മദലി, വി.കെ ഹുസൈൻ കുട്ടി, ഹാരിസ് കല്ലായി തുടങ്ങിയവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി വി.പി മുസ്‌തഫ സ്വാഗതവും ട്രഷർ വി.പി അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - UDF government will make strong interventions in expatriate issues - Panakkad Sadikhali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.