ഡോ. അബ്ദുല്ല അൽ റബീഅ
ആഗോള ഭക്ഷ്യസുരക്ഷക്കായി സൗദി അറേബ്യ നൽകിയത് 340 കോടി ഡോളർ
റിയാദ്: ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യ 340 കോടി ഡോളറിെൻറ ധനസഹായം നൽകിയതായി കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു. ലോകമെമ്പാടുമുള്ള ഭക്ഷ്യപ്രതിസന്ധികളുടെ പ്രധാന കാരണം സംഘർഷങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര നടപടികൾക്കാണ് ഊന്നൽ നൽകേണ്ടതെന്ന് ആഹ്വാനം ചെയ്തു.
ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 81ാമത് സമ്മേളന അനുബന്ധമായി സംഘടിപ്പിച്ച ഉന്നതതല ചർച്ചാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജർമനി, ലോക ഭക്ഷ്യ പദ്ധതി, ആഗോള ഭക്ഷ്യ പ്രതിസന്ധി പ്രതിരോധ ശൃംഖല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘വിശപ്പ് നിർമാർജനം ചെയ്യാൻ ഒരുമിച്ചു: പ്രതിസന്ധി ഘട്ടങ്ങളിലെ ഭക്ഷ്യ പ്രതിസന്ധികളെ നേരിടാൻ ആഗോള പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുക’ എന്ന വിഷയത്തിലായിരുന്നു ചർച്ച.
അടിയന്തര മാനുഷിക സഹായങ്ങളും ദീർഘകാല വികസന പദ്ധതികളും സമന്വയിപ്പിച്ച് ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിൽ സൗദി അറേബ്യ മുൻനിരയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമം തടയുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തിൽ മുൻഗണനാവിഷയമാക്കണം.
ഇതിനായി മാനുഷിക സഹായങ്ങൾ കാര്യക്ഷമമായും കുറഞ്ഞ ചെലവിലും അർഹരിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള വിതരണ ശൃംഖലകളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ശക്തിപ്പെടുത്തണം. ഭക്ഷ്യസുരക്ഷാ-കാർഷിക പദ്ധതികൾ രൂപകൽപ്പന ചെയ്യുമ്പോൾ അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവജ്ഞാനവും പ്രാദേശിക അറിവുകളും പ്രയോജനപ്പെടുത്തണം.
കൂടാതെ, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ കൂടി പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ഡോ. അൽ റബീഅ ഓർമിപ്പിച്ചു. കിങ് സൽമാൻ റിലീഫ് സെൻറർ വഴി സൗദി അറേബ്യ ഇതുവരെ 88 രാജ്യങ്ങളിലായി 1,289 പദ്ധതികൾക്കായി 340 കോടി ഡോളറിലധികം തുക ചെലവഴിച്ചിട്ടുണ്ട്. അടിയന്തര ഭക്ഷ്യസഹായത്തിന് പുറമെ പ്രാദേശിക ശേഷി വർധിപ്പിക്കൽ, ഭക്ഷ്യോത്പാദനം മെച്ചപ്പെടുത്തൽ, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടാൻ സെൻററിെൻറ നേതൃത്വത്തിൽ പ്രമുഖമായ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഗസ്സ മുനമ്പിലെ ‘സെൻട്രൽ കിച്ചൻ’ പദ്ധതിയും ഭക്ഷ്യക്കിറ്റ് വിതരണവും, ഗ്രാമീണ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ‘ബിദ്റ’ പദ്ധതി, 14 ലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്രദമായ സിറിയയിലെ തകർന്ന ബേക്കറികളുടെ പുനരുദ്ധാരണ പദ്ധതി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.