സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് തനൂമയിലെ വാദി തർജ് ഡാം തടാകത്തിൽ ബോട്ട് യാത്ര നടത്തിയപ്പോൾ

വൈറലായി ടൂറിസം മന്ത്രിയുടെ ബോട്ട് യാത്ര

ജിദ്ദ: സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ബോട്ട് തുഴഞ്ഞ് നടത്തിയ യാത്ര സമൂഹിക മാധ്യമങ്ങളിൽ വൈറലായി. അസീർ പ്രവിശ്യയിലെ സന്ദർശനത്തിനിടെ തനൂമ എന്ന സ്ഥലത്തെ വാദി തർജ് അണക്കെട്ടിലെ തടാകത്തിലാണ് മന്ത്രി യാത്ര നടത്തിയത്. ടൂറിസം ഡെപ്യൂട്ടി മന്ത്രി അമീറ ഹൈഫ ബിൻത് മുഹമ്മദും മറ്റൊരാളും ബോട്ടിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

യാത്രക്കിടയിൽ അസീറിലെ മനോഹരമായ ഭൂപ്രകൃതിയുടെ ചിത്രങ്ങളും അവർ പകർത്തി. പ്രദേശത്തെ ചില ചെറുപ്പക്കാർ അവർ സഞ്ചരിച്ചിരുന്ന തുഴച്ചിൽ ബോട്ടുകളിൽ നിന്ന് മന്ത്രിക്കും കൂടെയുള്ളവർക്കും ആശംസകൾ അറിയിക്കാനെത്തി. മന്ത്രി അവരോട് സൗഹൃദം പങ്കിട്ടു. വാദി തർജ് അണക്കെട്ടിലെ ജലാശയത്തിൽ തുഴച്ചിൽ ബോട്ടുകളിലൂടെയുള്ള യാത്രാനുഭവം ആസ്വദിക്കാനാണ് താനും സംഘവും ഇവിടെ എത്തിയതെന്ന് മന്ത്രി പറഞ്ഞു.

മേഖലയിൽ വിനോദസഞ്ചാരത്തിന് നല്ല ഭാവിയാണുള്ളത്. ടൂറിസ്റ്റുകൾക്ക് മികച്ച യാത്രാനുഭവം ഇവിടെ ലഭ്യമാകുമെന്ന് മനസിലാക്കാനായി. എന്നാൽ ഈ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടേണ്ടതുണ്ട്. വിനോദ സഞ്ചാര വികസനം ഇനിയുമേറെ ഇവിടെ നടക്കേണ്ടതുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

തനൂമയിലെ ബോട്ട് യാത്ര ഒരു പുതിയ അനുഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അസീർ സമ്മർ സീസൺ ആഘോഷ പരിപാടികൾ വീക്ഷിച്ചെന്നും അതിൽ സന്തോഷമുണ്ടായെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സൗന്ദര്യവും പ്രകൃതി വൈവിധ്യവും ജനങ്ങളെ പരിചയപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് തനൂമയിലെ മന്ത്രിയുടെ സന്ദർശനം.

ടൂറിസം മന്ത്രിയുടെ അതുല്യമായ അനുഭവം അസീർ പ്രവിശ്യയുടെ മനോഹരമായ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും വാദി തർജ് ഡാം തടാകത്തിലെ അനുഭവം ആസ്വദിക്കാനും തീർച്ചയായും പലർക്കും പ്രചോദനമാകുമെന്ന് ടൂറിസം രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. ഈ സന്ദർശനം ആഭ്യന്തര ടൂറിസത്തിന്‍റെ പ്രോത്സാഹനവും രാജ്യത്തെ ആഭ്യന്തര ടൂറിസത്തിന് പുതിയ അവസരങ്ങൾ നൽകുന്നതും പ്രതിഫലിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Tourism Minister's boat trip goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.