റിയാദിൽ നടന്ന സർക്കാർ വാർത്ത സമ്മേളനത്തിൽ സൗദി മാധ്യമ മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരി സംസാരിക്കുന്നു
വികസനക്കുതിപ്പിലേക്ക് റിയാദ്
റിയാദ്: സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ വർധിച്ചുവരുന്ന ജനസംഖ്യയും ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാൻ പദ്ധതി തയാറാക്കി സൗദി സർക്കാർ. പദ്ധതി വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ സൗദി മാധ്യമ മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരി, റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എഞ്ചിനീയർ ഇബ്രാഹീം ബിൻ മുഹമ്മദ് അൽ സുൽത്താൻ എന്നിവർ പങ്കെടുത്തു.
ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതികളും പുതിയ പാലങ്ങൾ, തുരങ്കങ്ങൾ, ജങ്ഷനുകൾ എന്നിവയും പദ്ധതികളുടെ ഭാഗമാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുകയും യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റിയാദിനെ കൂടുതൽ ആധുനികവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള സൗദിയുടെ ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതികൾ. റിയാദിന്റെ അതിവേഗ നഗരവികസനത്തിനൊപ്പം ബിസിനസ്, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിൽ തലസ്ഥാന നഗരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. റിയാദിനെ അന്താരാഷ്ട്ര ബിസിനസ്,നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.
റിയാദ് മെട്രോക്ക് കൂടുതൽ ട്രെയിനുകൾ
റിയാദ് : റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ച ശേഷം ഏകദേശം 50 കോടി യാത്രകൾ രേഖപ്പെടുത്തിയതായും അതിൽ 30 കോടിയില ധികം യാത്രകൾ മെട്രോ വഴിയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. മെട്രോ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി 94 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാറുകളും പ്രഖ്യാപിച്ചു. ഇതോടെ ട്രെയിനുകളുടെ ആകെ എണ്ണം 183ൽ നിന്ന് 277 ആയി ഉയരും. കൂടാതെ, ദിരിയ ഭാഗത്തേക്ക് മെട്രോയുടെ റെഡ് ലൈൻ നീട്ടുകയും അഞ്ച് പുതിയ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നഗരത്തിലെ സഞ്ചാരമാർഗം കൂടുതൽ സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.