റിയാദിൽ 700 കിലോമീറ്ററിലധികം റോഡുകൾ വികസിപ്പിച്ചു
റിയാദ്: റിയാദിലെ പൊതുഗതാഗത ശൃംഖല പ്രവർത്തനം ആരംഭിച്ചതു മുതൽ 500 ദശലക്ഷം യാത്രക്കാരെ രേഖപ്പെടുത്തിയതായും 700 കിലോമീറ്ററിലധികം റോഡുകൾ വികസിപ്പിച്ചതായും റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഇബ്രാഹിം അൽസുൽത്താൻ വ്യക്തമാക്കി.
വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച നടന്ന ഗവ. വാർത്താ സമ്മേളനത്തിൽ തലസ്ഥാനത്തെ പദ്ധതികളുടെ പുരോഗതിയും നേട്ടങ്ങളും വിശദീകരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 300 ദശലക്ഷം ആളുകൾ റിയാദ് മെട്രോ വഴിയാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനവും പരിസ്ഥിതി സുസ്ഥിരതയും കൈവരിക്കുന്ന അസാധാരണമായ വളർച്ചയുടെ ഘട്ടത്തിലൂടെയാണ് റിയാദ് കടന്നുപോകുന്നതെന്ന് അൽസുൽത്താൻ പറഞ്ഞു.
ട്രെയിൻ വ്യൂഹം 277 ആയി ഉയർത്തുന്നതും റിങ് റോഡുകളുടെയും പ്രധാന പാതകളുടെയും വികസന പദ്ധതിയുടെ ഭാഗമായി 700 കിലോമീറ്ററിലധികം റോഡുകളും 330 കവലകളും 300 മേൽപ്പാലങ്ങളും വികസിപ്പിക്കുന്നതും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും യാത്രാക്ഷമത വർധിപ്പിക്കാനുമായി തലസ്ഥാനത്തെ 26 കേന്ദ്രങ്ങളിൽ നിലവിൽ നവീകരണങ്ങൾ നടപ്പിലാക്കി വരികയാണെണ്. 720 കവലകളിൽ ട്രാഫിക് സിഗ്നൽ സാങ്കേതികവിദ്യ വികസിപ്പിച്ചു വരികയാണെന്നും അൽ സുൽത്താൻ പറഞ്ഞു.
റിയാദ് സുസ്ഥിരത തന്ത്രത്തിന്റെ ഭാഗമായി 68ലധികം സംരംഭങ്ങൾ നടപ്പിലാക്കിയതായും 45 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതായും അൽ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.