ഫിലോമിന
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് സൗദി പോലീസിന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരണം
ജിദ്ദ: റിയാദിൽ നഴ്സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തിൽ നിന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കോൺസുലേറ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്.
ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം ഇവർ കുടുംബത്തിന് ശബ്ദസന്ദേശമയച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കുടുംബാംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ആശങ്കയ്ക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഫിലോമിന ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവരുന്നത്. റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.