കെ.എം.സി.സി ഏർപ്പെടുത്തിയ ബസിൽ യു.എ.ഇയിൽനിന്ന്​ റിയാദിലെത്തിയ യാത്രക്കാരെ റിയാദ്​ ​സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വരവേറ്റപ്പോൾ

ദുബൈയിൽ കുടുങ്ങിയവർ കെ.എം.സി.സി ഒരുക്കിയ ബസിൽ റിയാദിലെത്തി

റിയാദ്​: സൗദിയിൽ എത്താനായി നാട്ടിൽനിന്ന്​ പുറപ്പെട്ട്​ യു.എ.ഇയിൽ കുടുങ്ങിയ യാത്രക്കാർ കെ.എം.സി.സി ഏർപ്പെടുത്തിയ ബസിൽ റിയാദിലെത്തി. അജ്മാൻ കെ.എം.സി.സിക്ക് കീഴിൽ യാത്ര പുറപ്പെട്ട 27 പേരാണ് വെള്ളിയാഴ്​ച സൗദിയിലെത്തിയത്. പൂർണമായും സൗജന്യമായാണ്​ ബസ്​ സൗകര്യം ഏർപ്പെടുത്തിയത്​.

റിയാദ്​ അസീസിയയിലെ സാപ്​റ്റികോ ബസ്​ സ്​റ്റേഷനിലെത്തിയ യാത്രക്കാർക്ക് കെ.എം.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഭക്ഷണവും വിതരണം ചെയ്​തു. ജനിതകമാറ്റം സംഭവിച്ച കോവിഡി​െൻറ ഭീതിയിൽ സൗദി അറേബ്യ അതിർത്തികൾ താൽക്കാലികമായി അടച്ചതിനെ തുടർന്നാണ്​ ഇൗ യാത്രക്കാർ യു.​എ.ഇയിൽ കുടുങ്ങിയത്​.


രണ്ടാഴ്ച അടച്ചിട്ടതോടെ സാധാരണക്കാരായ പ്രവാസികൾ യു.എ.ഇയിൽ പെട്ടുപോകുകയായിരുന്നു. അജ്മാൻ കെ.എം.സി.സിക്ക് കീഴിൽ മുന്നൂറോളം പ്രവാസികൾക്ക് ആശ്രയമൊരുക്കി. അജ്​മാനിൽനിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട ആദ്യ ബസാണ് റിയാദിലെത്തിയത്.

യാത്രക്കാരെ സ്വീകരിക്കാൻ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ അഷ്​റഫ്​ വേങ്ങാട്ട്​, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, സഫീർ തിരൂർ, നൗഫൽ താനൂർ, അലി അക്ബർ, മുനീർ മക്കാനി, ഉസ്മാൻ ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. യാത്രക്കാരായ ആളുകളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ളവരുണ്ടായിരുന്നു. ഇവർക്കും കെ.എം.സി.സി ആവശ്യമായ സേവനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ബാക്കിയുള്ള ബസുകളെത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.