ഡോ. അബ്ദുല്ല അൽറബീഅ വാർത്തസമ്മേളനത്തിൽ
ജിദ്ദ: സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്ന് രാജകീയ ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. കിങ് സൽമാൻ റിലീഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ച അന്ന് സൽമാൻ രാജാവ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് മതപരമോ രാഷ്ട്രീയമോ സൈനികമോ ആയ ഏതെങ്കിലും അജണ്ടയുമായി ബന്ധമില്ല.
സിറിയയിലും തുർക്കിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ധനസമാഹരണ ജനകീയ കാമ്പയിൻ സൗദിയിൽ ആരംഭിച്ചത് പ്രഖ്യാപിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിലെ സഹോദരങ്ങളുടെ നിലവിലെ ദുഃസ്ഥിതി ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാഷ്ട്രീയബന്ധമൊന്നും പരിഗണിക്കാതെ ഞങ്ങൾ പരിക്കേറ്റവരെയാണ് ശ്രദ്ധിക്കുന്നത്. യു.എൻ സംഘടനകളുമായും പ്രാദേശിക സംഘടനകളുമായും നിലവിലുള്ള ഞങ്ങളുടെ പ്രവർത്തനത്തിലൂടെ സിറിയയിലെ മുഴുവൻ ദുരിതബാധിത പ്രദേശങ്ങളിലുമുള്ളവരിലേക്ക് ഞങ്ങൾ എത്തിച്ചേരും. കാമ്പയിൻ ആരംഭിക്കുന്നതിനു മുമ്പ് സിറിയയിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ടെന്നും റബീഅ പറഞ്ഞു.
സഹായം പണമായോ സാധനസാമഗ്രികളായോ കേന്ദ്രം നേരിട്ട് സ്വീകരിക്കുന്നില്ല. ധനസമാഹരണത്തിന് ‘സാഹം’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. അതിലൂടെ ജനങ്ങൾക്ക് സംഭാവന നൽകാം. കിങ് സൽമാൻ റിലീഫ് സെൻററിന്റെ വെബ്സൈറ്റിലൂടെയും ബാങ്ക് അക്കൗണ്ടിലൂടെയും സംഭാവന ട്രാൻസ്ഫർ ചെയ്യാം. അല്ലെങ്കിൽ ചെക്കുകളായും അയക്കാം.സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇങ്ങനെയെത്തുന്ന സംഭാവനകൾ ഉപയോഗപ്പെടുത്തും.
ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, ഭക്ഷണം എന്നിവ എത്തിക്കുന്നതിന് എയർ ബ്രിഡ്ജ് ആരംഭിക്കും. സൗദിയുടെ രക്ഷാപ്രവർത്തകർ ദുരിതബാധിത സ്ഥലങ്ങളിലുണ്ടാവും. മാനുഷികമായ ആവശ്യങ്ങൾ എന്തെന്ന് അറിഞ്ഞ് പ്രതിവിധികൾ നടപ്പാക്കുന്നതിനായി യു.എൻ സംഘടനകളുമായും മറ്റും സഹകരിച്ച് പ്രവർത്തിക്കും. കാര്യങ്ങൾ അതതിടങ്ങളിലെത്തി പരിശോധിച്ച് വിലയിരുത്തൽ നടത്താൻ ഒരു വിദഗ്ധ സംഘവും പുറപ്പെട്ടിട്ടുണ്ട്. അവർ സാഹചര്യം വിലയിരുത്തും. ഏറ്റവും അടിയന്തരമായി വേണ്ടതെന്ന് മനസ്സിലാക്കി അവശ്യം വേണ്ട സാമഗ്രികൾ വിമാനങ്ങൾ വഴി അയക്കും.
ദുരിതബാധിതരെ സഹായിക്കാൻ sahem.ksrelief.org/SYTR എന്ന പ്ലാറ്റ്ഫോമിലൂടെയും SA7780000500608018777776 എന്ന ബാങ്ക് അക്കൗണ്ട് വഴിയും പൊതുജനങ്ങൾക്ക് സംഭാവനകൾ അയക്കാമെന്നും ഡോ. റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.