ദമ്മാം: ബിരിയാണിയുടെ വൈവിധ്യമാർന്ന രുചിപ്പെരുമകളുമായി മുപ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച ‘ഗൾഫ് മാധ്യമം’ വിജയ് ദം ദം ബിരിയാണി സെമിഫൈനൽ മത്സരം ദമ്മാമിൽ സമാപിച്ചു. ലുലു മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ ചടങ്ങ് ഗൾഫ് മാധ്യമം - മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ആറിന് രജിസ്ട്രേഷൻ നടപടികളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ‘സൗദി ബിരിയാണി രാജ’ പട്ടത്തിനായി 10 പേരും ‘ബിരിയാണി ദം സ്റ്റാർ’ ആകാൻ 20 പേരുമാണ് മത്സരിച്ചത്. തങ്ങളുടെ വീടുകളിൽ നിന്ന് പാകം ചെയ്ത് കൊണ്ടുവന്ന ബിരിയാണികൾ മത്സരാർത്ഥികൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ സലീം മാഹി, കോഓഡിനേഷൻ കമ്മിറ്റി ദമ്മാം ഘടകം ചെയർമാൻ എം. സിനാൻ, ലുലു മാൾ മാനേജർ സുലൈമാൻ കളത്തിൽ, മാർക്കറ്റിങ് മാനേജർ അനൂപ് കുര്യൻ, ജനറൽ മാനേജർ മുനവ്വർ അലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിജയ് മസാല സെയിൽസ് മാനേജർ അൻഷാദ്, ഫ്രണ്ടി മാർക്കറ്റിങ് മാനേജർ അബ്ദുൽ മുനീം, കാഫ് ലോജിസ്റ്റിക്സ് ഓപ്പറേഷൻസ് മാനേജർ ഹിംലാർ, ഡ്രസ് കോഡ് മാർക്കറ്റിങ് മാനേജർ അഷ്ഫാഖ്, ഗൾഫ് മാധ്യമം ബ്യൂറോ ഇൻ ചാർജ്ജ് സാജിദ് ആറാട്ടുപുഴ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സജിൻ നിഷാദ്, എം.എം. ഫൗസിയ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
പ്രമുഖ അവതാരകനും ഫുഡ് വ്ലോഗറും മജീഷ്യനുമായ രാജ് കലേഷ്, കൺസൾട്ടൻറും പാചക വിദഗ്ധയുമായ ഹാല മുഹമ്മദ്, ഷെഫ് സാക്കിർ എന്നിവരായിരുന്നു മത്സരത്തിെൻറ വിധികർത്താക്കൾ. ഇത്രയേറെ വൈവിധ്യമാർന്ന രുചികളിൽ നിന്ന് മികച്ചവ കണ്ടെത്താനുള്ള വൈദഗ്ധ്യം, ലോകത്തിെൻറ വിവിധ കോണുകളിലൂടെയുള്ള തെൻറ രുചിവിശേഷ യാത്രകളിലൂടെ പാകപ്പെടുത്തിയതാണെന്ന് രാജ് കലേഷ് അഭിപ്രായപ്പെട്ടു.
വിജയികളെ തിരഞ്ഞെടുക്കുന്നതിൽ 95 ശതമാനവും പ്രാധാന്യം നൽകുന്നത് രുചിക്കായിരിക്കുമെന്ന് വിധികർത്താക്കൾ വ്യക്തമാക്കി. വിവിധയിടങ്ങളിലെ സെമി ഫൈനൽ മത്സരങ്ങൾ പൂർത്തിയായ ശേഷമേ അന്തിമ വിജയികളുടെ വിവരങ്ങൾ പുറത്തുവിടൂ എന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിനൊപ്പം അരങ്ങേറിയ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും, ടീം മൊഞ്ചത്തീസ് വേദിയിലെത്തിച്ച ഒപ്പനയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അബ്ദുൽ റഹീം, മനില, കല്യാണി ബിനു എന്നിവർ ആലപിച്ച ഗാനങ്ങളും പി.എസ്. സിനിയുടെ വയലിൻ വാദനവും സദസിന് വിരുന്നായി.
ദം ദം ബിരിയാണിയുമായി ബന്ധപ്പെട്ട് മികച്ച റീലുകൾ തയ്യാറാക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ റിൻസി, റയാൻ, ജിത്തു ശ്രീകുമാർ, ഫബിൻ, മുർഷിദ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ മേഴ്സി കോർപ് മുഖ്യ രക്ഷാധികാരി അബ്ദുൽ റഹീം മാഹീൻ വിതരണം ചെയ്തു.
ഷബീർ ചാത്തമംഗലം, ലിയാഖത്ത് അലി, താഹിർ, ഫൈസൽ കൊണ്ടോട്ടി, റയാൻ മൂസ, എ.കെ. അസീസ്, ജംഷാദ് കണ്ണൂർ, ഫൈസൽ കുറ്റ്യാടി, ഹിജ്ലാൻ, ഷെബിൻ മുഹമ്മദ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ നിഹാൽ, മർക്കറ്റിങ് എക്സിക്യൂട്ടീവുകളായ പി.കെ. സിറാജ്, മുനീർ എല്ലുവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.