ജിദ്ദ: സൗദി തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ സംഘടിപ്പിക്കുന്ന കോമഡിമത്സരത്തിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കോമഡിഷോകളുടെ മേഖലയിലും ഹാസ്യകലാരംഗത്തും താൽപര്യമുള്ള 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രതിഭാധനരായ രാജ്യത്തെ യുവാക്കളുടെയും പെൺകുട്ടികളുടെയും കഴിവുകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ് മത്സരം.
16 നഗരങ്ങളിലൂടെ തുടർച്ചയായി രണ്ട് മാസം നീളുന്ന മത്സരം സെപ്റ്റംബർ 13ന് ആരംഭിച്ച് നവംബർ നാലിന് അവസാനിക്കും. റിയാദ്, മക്ക, മദീന, ഹാഇൽ, ഉനൈസ, അൽഅഹ്സ, ദമ്മാം, ഖോബാർ, അൽ ജൗഫ്, അറാർ, തബൂക്ക്, ത്വാഇഫ്, ജിദ്ദ, ജീസാൻ, അബ്ഹ, നജ്റാൻ, അൽബാഹ എന്നീ നഗരങ്ങളിൽ മത്സരവേദികളൊരുങ്ങും. 2000 മത്സരാർഥികളുടെ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. ഒന്നാംസ്ഥാനം നേടുന്നയാൾക്ക് 50,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 30,000 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 15,000 റിയാലും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷന് ശേഷം മത്സരം പല ഘട്ടങ്ങളിലായാണ് നടക്കുക. മത്സരാർഥി മുൻകൂട്ടി തിരഞ്ഞെടുത്ത നഗരത്തിലെ പ്രാരംഭ ഓഡിഷനുകളിലൂടെയാണ് തുടക്കം. തുടർന്ന് അതത് മേഖലകളിൽ ഷോകൾ അരങ്ങേറും.
ക്വാർട്ടർ ഫൈനലിൽനിന്ന് 20 പേരെയാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കുക. സെമി ഫൈനലിൽ അഞ്ച് മത്സരാർഥികൾക്കിടയിലായിരിക്കും മത്സരം. ശേഷം വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും. മത്സരത്തിൽ തത്സമയ ഓഡിഷനുകൾ ഉൾപ്പെടെ നടക്കും.രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഒരുക്കുമെന്നും കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.