ജോലിചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണം 36.4 ലക്ഷമായി

യാംബു: പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശി പങ്കാളിത്തത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ആദ്യ പകുതിയിൽ പ്രാദേശിക തൊഴിൽ വിപണിയിൽ ജോലിചെയ്യുന്ന സൗദി പുരുഷന്മാരുടെയും വനിതകളുടെയും എണ്ണം 1,88,000 കവിഞ്ഞു.

സർക്കാർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രാദേശികപത്രം പുറത്തുവിട്ട കണക്കാണിത്. പ്രതിദിനം ശരാശരി 1039 സ്വദേശികൾ പുതുതായി തൊഴിലിൽ പ്രവേശിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ വിപണിയിൽ ജോലിചെയ്യുന്ന മൊത്തം സൗദികളുടെ എണ്ണം ഇതിനകം 36.4 ലക്ഷമായി. കഴിഞ്ഞവർഷത്തെ സ്ഥിതി വിവരക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 5.45 ശതമാനം വർധനയാണ് ഇത്.

തൊഴിൽ വിപണിയിൽ സൗദി വനിതകളുടെ പങ്കാളിത്തം വർധിക്കുന്നതായും എണ്ണം ഏകദേശം 13.8 ലക്ഷമായി ഉയർന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.34 ശതമാനം വർധനയാണിത്.1,06,000ത്തിലധികം സ്ത്രീകൾ പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ചു. പ്രതിദിനം ശരാശരി 585 സൗദി സ്ത്രീകൾ പുതുതായി ജോലിയിൽ പ്രവേശിക്കുന്നു.

നടപ്പുവർഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ 82,000ത്തിലധികം വ്യക്തികളാണ് തൊഴിലിൽ പ്രവേശിച്ചത്. ഇത് അവരുടെ തൊഴിൽ നിരക്കിൽ 3.77 ശതമാനമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏകദേശം 358,000 പുരുഷന്മാരും സ്ത്രീകളും തൊഴിലിൽ പ്രവേശിച്ചു. സാമ്പത്തിക കുതിച്ചുചാട്ടം പ്രാദേശിക മേഖലയിൽ സ്ഥിരമായ വളർച്ച രേഖപ്പെടുത്തി.

സൗദി ഇതര തൊഴിലാളികളുടെ എണ്ണം ഏകദേശം ഒരു കോടി 5.3 ലക്ഷമാണ്. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 936,000ത്തിലധികം സ്ത്രീ, പുരുഷ പ്രവാസികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായും 9.76 ശതമാനം വർധന ഇത് രേഖപ്പെടുത്തുന്നതായും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സൗദി യുവതീ യുവാക്കളുടെ എണ്ണം 22 ലക്ഷമായതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി ഈയിടെ വെളിപ്പെടുത്തിയിരുന്നു.

സൗദിയിലെ തൊഴിലില്ലായ്മ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 9.7 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030'ലെ ലക്ഷ്യത്തിൽ സൂചിപ്പിച്ച തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാൻ ശ്രമിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - The number of working Saudi citizens has reached 36.4 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.