യാംബു: സൗദി അറേബ്യയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നു. അവയവം മാറ്റിവെക്കുന്നതിലൂടെ നിരവധി രോഗികൾക്ക് ജീവിതം തിരിച്ചുകിട്ടുന്നതായും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്. അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം വിഡിയോ പുറത്തുവിട്ടു.
'ഒരു ജന്മനാട്, ഒരു ശരീരം' എന്ന ശീർഷകത്തിൽ പുറത്തിറക്കിയ വിഡിയോയിൽ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനംചെയ്ത ചിലരുടെ പേരുവിവരങ്ങൾ മന്ത്രാലയം പരാമർശിച്ചു. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന 'സൗദി സെന്റർ ഫോർ ഓർഗൺ ഡൊണേഷനി'ലാണ് രജിസ്ട്രേഷൻ നടത്തുന്നത്. വൻതോതിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നുണ്ട്. അവയവ ദാനത്തിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിന് പ്രത്യേക കാമ്പയിൻതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഹുഫൂഫ് പട്ടണത്തിൽനിന്നുള്ള താമർ ബിൻ ഫൈസൽ എന്ന സ്വദേശി തന്റെ ഹൃദയം മാറ്റിവെച്ചത് യാംബുവിൽനിന്നുള്ള വ്യക്തിയുടേതാണെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.
കോർണിയൽ ട്രാൻസ് പ്ലാന്റേഷന് വിധേയയായ മുനീറ സുൽത്താൻ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു പറയുന്നു: 'എന്റെ കണ്ണുകൾ ഒരു ആൺകുട്ടിയുടേതാണ്.' തനൂമയിൽനിന്നുള്ള അബ്ദുറഹ്മാന്റെ ഹൃദയം, അൽ-ഖുറയ്യാത്തിൽനിന്നുള്ള റസാൻ ബിൻത് സാലിമിന്റെ കരൾ എന്നിവയെല്ലാം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കണ്ണിന്റെ കോർണിയ ദാനംചെയ്ത അഹ്മദ് ബിൻ ഹസൻ, കരൾ ദാനം ചെയ്ത നൂറ ബിൻത് സഊദ്, ഹൃദയം ദാനംചെയ്ത അബ്ദുല്ല ബിൻ അഹ്മദ്, മസ്തിഷ്ക മരണം സംഭവിച്ച സുൽത്താൻ ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ നിരവധി ദാതാക്കളുടെ പേരുകൾ മന്ത്രാലയം വിഡിയോ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.
സൗദിയിൽ ഇതുവരെ 4,95,200ലേറെ അവയവദാതാക്കളും 3,77,200ലേറെ രക്തദാനം നടത്തിയവരും കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 3,47,600 ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായി. രാജ്യത്ത് വാഹനാപകടത്തിലോ സമാനരീതിയിലോ പെട്ടെന്ന് മരണം സംഭവിക്കുന്നവരുടെ അവയവം ദാനംചെയ്യുന്നതിന് നേരത്തേ തന്നെ ശൂറ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് അവയവദാനത്തിന് വിലക്കില്ലെന്ന് സൗദി പണ്ഡിതസഭ 1982ൽതന്നെ വ്യക്തമാക്കിയിരുന്നു. അവയവദാനം നടത്തുന്നവർക്ക് പണം നൽകിയാൽ രണ്ടുവർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥയും സൗദിയിൽ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.