കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം സൗദിയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം

ജിദ്ദ: കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വൈറസ് ഇപ്പോൾ ലോകത്ത് ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മിക്ക കേസുകളും ഇപ്പോൾ ഈ ഗണത്തിൽ വരുന്നതാണ്. ഇത് ഏറ്റവും അപകടകരവും ആശങ്കാജനകവുമാണ്. സാധാരണ കോവിഡ് വൈറസ് ഒരു വ്യക്തിയിൽ നിന്നും ഒന്നോ രണ്ടോ ആളുകളിലേക്കാണ് പകരുന്നതെങ്കിൽ ഡെൽറ്റ വൈറസ് ഒരാളിൽ നിന്ന് ആറോ ഏഴോ ആളുകളിലേക്ക് പകരുന്നുണ്ട്. എന്നാൽ ഡെൽറ്റ വൈറസ് രാജ്യത്ത് പടരുന്നതിനെതിരെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കാര്യങ്ങൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് ഇപ്പോഴും ലോകമെമ്പാടും പടരുമ്പോഴും സൗദിയിൽ വൈറസ് കേസുകളുടെ വ്യാപന സൂചികകൾ കുറഞ്ഞുവരുന്നതായും ഇത് ഒരു നല്ല ദിശയിലേക്ക് നീങ്ങുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മാർച്ചിന് ശേഷം ആദ്യമായി രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം 542 ആയി ഞായറാഴ്ച കുറഞ്ഞിട്ടുണ്ട്. മൊത്തം രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളിൽ 60 ശതമാനം പേരും സ്ത്രീകളാണ്. മുൻകരുതൽ നടപടികൾ പാലിക്കുന്നത് കൃത്യമായി തുടരണമെന്നും വൈറസിൽ നിന്ന് സുഖം പ്രാപിച്ചവർ പോലും എല്ലാ വാക്സിൻ ഡോസുകളും എടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു.

Tags:    
News Summary - The Ministry of Health has discovered a delta variant of the Covid virus in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.