കണിക്കൊന്നകൾ സ്വർണവർണം പൂശി പ്രകൃതിയെ മഞ്ഞപ്പട്ട് ചുറ്റിക്കുമ്പോൾ, വിരുന്നെത്തുന്ന മറ്റൊരു വിഷുക്കാലം കൂടി. കേവലം ആഘോഷം എന്നതിലുപരി കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെയും സമഭാവനയുടെയും അടയാളപ്പെടുത്തലാണ് ഓരോ വിഷുവും. വിളവെടുപ്പിന്റെ സംതൃപ്തിയും വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള പ്രത്യാശയും ഈ ദിനത്തെ സവിശേഷമാക്കുന്നു. ‘വിഷു’ എന്ന വാക്കിെൻറ അർഥം തന്നെ ‘തുല്യമായത്’ എന്നാണ്. പകലും രാത്രിയും തുല്യമായി വരുന്ന ഈ വേള, പ്രകൃതിയിലെ മാറ്റത്തിനൊപ്പം മനുഷ്യരിലും സമഭാവനയുടെ വിത്തുകൾ പാകുന്നു. അതുകൊണ്ടുതന്നെയാണ് മലയാളിയുടെ ആഘോഷങ്ങളിൽ കാർഷിക വിഭവങ്ങൾ നിറഞ്ഞുനിൽക്കുന്ന വിഷുക്കണിക്ക് ഇത്രയേറെ പ്രാധാന്യം കൈവരുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണിത്.
നാടിന്റെ അതിരുകൾക്കപ്പുറം പ്രവാസ ലോകത്തും വിഷുവിന്റെ മാറ്റൊലി ഒട്ടും കുറയുന്നില്ല. ജാതിമത ഭേദമന്യേ മലയാളികൾ ഒത്തുകൂടുന്ന വേളകൾ പ്രവാസജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമാണ്. ഓണമോ വിഷുവോ പെരുന്നാളോ ക്രിസ്മസോ ആകട്ടെ, ഏത് ആഘോഷവും ഒത്തൊരുമയോടെ ഗംഭീരമാക്കുന്ന പ്രവാസി മലയാളി തനിമ ഇത്തവണയും സജീവമാണ്.
എങ്കിലും, യുദ്ധഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന ഒരു കാലത്താണ് ഇത്തവണ പ്രവാസലോകം വിഷുവിനെ വരവേൽക്കുന്നത് എന്ന യാഥാർഥ്യം നമ്മെ അലട്ടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന അശാന്തിയും സംഘർഷങ്ങളും ആഘോഷങ്ങളുടെ നിറം കെടുത്താൻ നോക്കുമ്പോഴും, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്ത് ഇത്തരം ആഘോഷങ്ങൾ നമുക്കായി ഒരുക്കുന്നു. ‘ഈ സമയവും കടന്നുപോകും’ എന്ന വിശ്വാസമാണ് നമുക്ക് കരുത്ത്. യുദ്ധത്തിന്റെ കരിനിഴലുകൾ നീങ്ങി, സംഘർഷങ്ങളില്ലാത്ത പുതിയൊരു പുലരിയെ ലോകം വരവേൽക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മനസ്സിന്റെ പിരിമുറുക്കങ്ങളില്ലാതെ ശാന്തമായി വരാനിരിക്കുന്ന ഓരോ ആഘോഷങ്ങളെയും വരവേൽക്കാൻ നമുക്ക് കഴിയണം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുത്തൻ പ്രതീക്ഷകളുടെയും ഒരു വിഷുക്കാലം എല്ലാവർക്കും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.