കേളിയും സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററും സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയും സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി റിയാദ് മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിൽ നിന്നുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗർ), ക്രിയാറ്റിനിൻ, മൊത്തം കൊളസ്ട്രോൾ, രക്തസമ്മർദം, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ് എന്നിവയുടെ പരിശോധനയും ശരീരഭാരവും ഉയരവും അടിസ്ഥാനമാക്കിയുള്ള ബി.എം.ഐ. പരിശോധനയും ക്യാമ്പിൽ സൗജന്യമായി നടത്തി.

വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ആരോഗ്യനില വിലയിരുത്തുന്നതിനും ക്യാമ്പ് സഹായകമായി. കേളി അസീസിയ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങ് ഡോ. ഫാത്തിമ ഹക്കീം ഉദ്ഘാടനം ചെയ്തു.

സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്റർ ജനറൽ മാനേജർ അക്ബർ വേങ്ങാട്, ക്ലിനിക് മാനേജർ നിസാർ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ലിബിൻ പശുപതി, കേളി കേന്ദ്ര കമ്മിറ്റി അംഗം സിജിൻ കൂവളൂർ, സ്റ്റാർ ഹെൽത്ത് മെഡിക്കൽ മാർക്കറ്റിങ് മാനേജർ സുഷമ ഷാൻ എന്നിവർ സംസാരിച്ചു. സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിനുള്ള കേളിയുടെ ഉപഹാരം അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് മാർക്കറ്റിങ് മാനേജർ സുഷമ ഷാന് കൈമാറി.

അസീസിയ ഏരിയ കമ്മിറ്റിക്കുള്ള ഉപഹാരം സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്റർ ക്ലിനിക് മാനേജർ നിസാർ, കേളി ഏരിയ സെക്രട്ടറി സുധീർ പോരേടത്തിന് നൽകി. കേളി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളി കേന്ദ്ര കമ്മിറ്റി അംഗം സുജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സുധീർ പോരേടം സ്വാഗതവും ഏരിയ ട്രഷറർ ലജീഷ് നരിക്കോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Free Medical Camp Organized by Keli and Star Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.