വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം പ്രവാസി ലീഗൽ സെൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈമാറുന്നു
റിയാദ്: നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 25ഓളം വിഷയങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ചർച്ച നടത്തി. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ പി.എൽ.സി പ്രതിനിധികൾ പങ്കെടുത്തു. ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിനിധികൾ പറഞ്ഞു.
നോർക്ക റൂട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽകാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യുക, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപവത്കരിക്കുക, മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (പി.പി.പി) അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും കെയർ ഹോമുകളും പ്രവാസി സ്പെഷാലിറ്റി ആശുപത്രികളും ആരംഭിക്കുക, എൻ.ആർ.ഐ കമീഷൻ ചെയർമാനെ ഉടനെ നിയമിക്കുക, നോർക്ക റൂട്സിന്റെ സാന്ത്വന/കാരുണ്യം പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഒന്നര ലക്ഷം രൂപയിൽനിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തുക, സാന്ത്വന, കാരുണ്യ, തുടങ്ങിയ പദ്ധതികളിൽനിന്നുള്ള ധനസഹായം പാവപ്പെട്ട പ്രവാസികൾക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏർപ്പെടുത്തുക, പ്രവാസി പെൻഷൻ 3,500 രൂപയിൽനിന്നും 5,000 രൂപയായി ഉയർത്തുക, മടങ്ങിവന്ന പ്രവാസികൾക്ക് ചികിത്സാ ഇൻഷ്വറൻസ് ഏർപ്പെടുത്തുക, നോർക്ക എൻ.ഡി.പി.ആർ.ഇ.എം ലോൺ 20 ലക്ഷം രൂപയിൽനിന്നും 50 ലക്ഷം രൂപയായി ഉയർത്തുക, പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക, കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമനിധി ബോർഡിന്റെ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളാണ് പ്രതിപക്ഷനേതാവിന് സമർപ്പിച്ചത്. നിവേദനങ്ങളിലെ ആവശ്യങ്ങൾ പ്രസക്തമാണെന്നും അവ വേണ്ടവിധത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പുനൽകി. പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, ട്രഷറർ തൽഹത്ത് പൂവച്ചൽ, കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാർ, ജിഹാംഗിർ, നന്ദഗോപകുമാർ, നിയാസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.