മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച ‘ഭൂമിമലയാളം’ ഭാഷാ, സാംസ്കാരിക പരിപാടിയിൽ നിന്ന്
ജിദ്ദ: അറേബ്യയും കേരളവുമായുള്ള ബന്ധം ഇസ്ലാമിെൻറ ആവിർഭാവത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണെന്നും മലയാള ഭാഷക്കും സംസ്കാരത്തിനും അറബികൾ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന 'ഭൂമിമലയാളം' ഭാഷാ, സാംസ്കാരിക പരിപാടിയുടെ ഭാഗമായി സൗദി ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ സാംസ്കാരിക സംഗമവും ഭാഷാപ്രതിജ്ഞയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിജ്യാവശ്യങ്ങൾക്ക് കോഴിക്കോട്ടെത്തിയ അറബികളുമായുള്ള സമ്പർക്കത്തിലൂടെ സാംസ്കാരിക വിനിമയം സാധ്യമാവുകയും ഭാഷക്ക് നിരവധി വാക്കുകൾ ലഭിക്കുകയും ചെയ്തു.
കേരളത്തിന് പകരമായി ഉപയോഗിച്ചിരുന്ന 'മലബാർ' എന്ന പേരുതന്നെ അറബികൾ നൽകിയതാണ്. പ്രശസ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. മലയാളിയുടെ എല്ലാ നേട്ടങ്ങൾക്കും സിദ്ധികൾക്കും ശേഷികൾക്കും അടിസ്ഥാനപരമായി കടപ്പെട്ടിരിക്കുന്നത് മാതൃഭാഷയായ മലയാളത്തോടാണെന്നും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്ത് മലയാളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പ്രഫ. സുജ സൂസൻ ജോർജ് മാതൃഭാഷാ സന്ദേശം നൽകി. സൗദി ചാപ്റ്റർ പ്രസിഡൻറ് എം.എം. നഈം അധ്യക്ഷത വഹിച്ചു.വിദഗ്ധ സമിതി ചെയർമാൻ ഡോ. മുബാറക് സാനി മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.എം. സാദിഖ്, പവനൻ മൂലിക്കീൽ, നന്ദിനി മോഹൻ, മുസാഫിർ, ബീന, ജോസഫ് അതിരുങ്കൽ, റഫീഖ് പന്നിയങ്കര, എം. ഫൈസൽ, സാജിദ് ആറാട്ടുപുഴ, ഷക്കീബ് കൊളക്കാടൻ, ജാഫർ അലി പാലക്കോട്, കനക ലാൽ, അക്ബർ പൊന്നാനി, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കോർമത്ത്, ഷിബു തിരുവനന്തപുരം, സീബ കൂവോട്, റഫീഖ് പത്തനാപുരം, രമേശ് മൂച്ചിക്കൽ, ജിതേഷ് പട്ടുവം, ഉബൈസ് മുസ്തഫ, കെ.പി.എ.സി. അഷറഫ്, നസീർ വാവകുഞ്ഞു, നിബു മുണ്ടികപ്പള്ളി, വെന്നിയൂർ ദേവൻ, മനാഫ് പാലക്കാട്, ഷാനവാസ് എന്നിവർ പങ്കെടുത്തു. ഷാഹിദ ഷാനവാസ് പരിപാടികൾ നിയന്ത്രിച്ചു.വിദ്യാർഥികളായ ടി.എം. ഖദീജ, ശ്രേയ സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. താഹ കൊല്ലേത്ത് സ്വാഗതവും മാത്യു തോമസ് നെല്ലുവേലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.