ജിദ്ദ: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസും മുഖ്യധാര മാധ്യമങ്ങളും സാംസ്‌കാരിക നായകരും സ്വീകരിക്കുന്ന വിവേചനപരമായ സമീപനമാണ് രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ആവർത്തിക്കാൻ കാരണമാകുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.പി.എമ്മും കോൺഗ്രസും സംഘ്പരിവാര സംഘടനകളും കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുമ്പോൾ രാഷ്ട്രീയ കൊലപാതകം എന്ന പേരിൽ അതിനെ നിസ്സാരവത്കരിക്കുന്നു. എന്നാൽ, മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ കൊലക്കത്തിക്കിരയാകുമ്പോൾ കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരികനായകരും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്.
ആക്രമണത്തിനിരയാവുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന ചെറുപ്രതികരണങ്ങൾപോലും കേരളക്കരയാകെ പിടിച്ചുകുലുക്കുമാറ് ചർച്ചകളും പ്രതിഷേധങ്ങളുമാണ് മുഖ്യധാര മാധ്യമങ്ങളും സാംസ്‍കാരികനായകരും നടത്തുന്നത്. ഇത് ഉദ്ബുദ്ധരായ കേരള സമൂഹത്തിനു യോജിച്ചതല്ലെന്നും അക്രമികൾക്ക് തുടർ ആക്രമണം നടത്താനുള്ള പ്രചോദനമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് കോയിസ്സൻ ബീരാൻകുട്ടി പറഞ്ഞു.
കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകമെന്നും വർഗീയ കൊലപാതകമെന്നും വേർതിരിക്കുന്നവർ നാടിന്‍റെ സമാധാനം ആഗ്രഹിക്കാത്തവരും ആക്രമണങ്ങൾക്ക് വളംവെച്ചുകൊടുക്കുന്നവരാണെന്നും സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി ഫൈസൽ തമ്പാറ പറഞ്ഞു. ചടങ്ങിൽ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, റഫീഖ് പഴമള്ളൂർ, ജംഷീദ് ചുങ്കത്തറ, യാഹുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഷിബു ഗൂഡല്ലൂർ, റാസി കടക്കൽ, ഷാഹിദ് വേങ്ങര തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി റാഫി ചേളാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.