ഇസ്മാഈൽ
യാംബു: ഉംറ തീർഥാടനത്തിനായി യാംബുവിൽനിന്ന് യാത്രചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്മാഈലിന്റെ (39) മൃതദേഹം ഖബറടക്കി. വിവിധ തുറകളിലുള്ള ധാരാളം ആളുകളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ജിദ്ദയിലെ അൽ റുവൈസ് മഖ്ബറയിലാണ് ഖബറടക്കിയത്. ഏപ്രിൽ ആറിന് നാലു സുഹൃത്തുക്കളോടൊപ്പം ഉംറക്ക് പുറപ്പെട്ട ഇവരുടെ വാഹനം മക്കയിലെ ഖുലൈസിനു സമീപം അപകടത്തിൽപെടുകയായിരുന്നു. പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഇവരുടെ കാറിന് പിന്നിലിടിച്ചായിരുന്നു അപകടം.
തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ജിദ്ദയിലെ അബ്ഹൂറിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെയാണ് ചൊവ്വാഴ്ച ഇസ്മാഈൽ മരിച്ചത്. ഒന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇസ്മാഈൽ യാംബു റോയൽ കമീഷൻ ആശുപത്രിയിൽ ക്ലീനിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ജിദ്ദ നവോദയ കലാസാംസ്കാരികവേദി യാംബു ഏരിയ റോയൽ കമീഷൻ യൂനിറ്റിൽ സജീവ പ്രവർത്തകനുമായിരുന്നു. നവോദയ ഭാരവാഹികളായ ജലീൽ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, സിബിൾ ഡേവിഡ്, എ.പി. സാക്കിർ, അബ്ദുൽ നാസർ കൽപകഞ്ചേരി, ബിഹാസ് കരുവാരകുണ്ട്, ജോമോൻ, മുനീർ ഹുസൈൻ, അജി രാജൻ, സെയ്ത് മുഹമ്മദ് എന്നിവരെ കൂടാതെ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധിയാളുകൾ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. ഇസ്മാഈലിന്റെ ആകസ്മിക മരണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിയും യാംബു ഏരിയ കമ്മിറ്റിയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.