ജിദ്ദ: നെതർലൻഡ്സിലെ ഹേഗ് നഗരത്തിൽ ഖുർആൻ വലിച്ചുകീറിയ സംഭവത്തിൽ അറബ്, മുസ്ലിം ലോകം അപലപിച്ചു. തീവ്ര വലതുപക്ഷ ഡച്ച് രാഷ്ട്രീയക്കാരനും ഇസ്‌ലാമോഫോബിക് ഗ്രൂപ്പായ പെഗിഡയുടെ നേതാവുമായ എഡ്വിൻ വാഗൻസ്‌വെൽഡ് ഞായറാഴ്ചയാണ് ഖുർആന്റെ പേജുകൾ വലിച്ചുകീറിയത്. സ്വീഡനിലെ സ്റ്റോക്ഹോമിൽ തുർക്കിയ എംബസിക്കു മുന്നിൽ ഖുർആൻ കോപ്പി തീവ്രപക്ഷക്കാരൻ കത്തിച്ചത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ അറബ്, മുസ്ലിം രാജ്യങ്ങളും സംഘടനകളും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിന് അടുത്ത ദിവസമാണ് വീണ്ടും ഖുർആനെ നിന്ദിക്കുന്ന സംഭവമുണ്ടായത്.
ഹേഗിൽ ഖുർആൻ വലിച്ചുകീറിയ സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണ് തീവ്രപക്ഷക്കാരന്റെ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംവാദം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും കാരണങ്ങൾ നിരാകരിക്കുന്നതിലുമുള്ള സൗദിയുടെ ഉറച്ച നിലപാട് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗും (റാബിത്വ) അപലപിച്ചു. ഹേഗിലെ ഖുർആൻ വലിച്ചുകീറിയ സംഭവം മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് മുസ്ലിം വേൾഡ് ലീഗ് വ്യക്തമാക്കി. ഇത്തരം ദുഷ്കൃത്യങ്ങൾ നിസ്സംശയമായും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയത്തെയും അവയുടെ മാനുഷിക മൂല്യങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു. ഈ തെറ്റായ നടപടികളിലെ അപകടങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധമുണ്ടാകണം. ഇങ്ങനെയുള്ളവരെ ദൃഢമായി നേരിടാൻ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഒ.ഐ.സിയും ശക്തമായ ഭാഷയിൽ അപലപിച്ചു. ലോകത്തിന്റെ പല പ്രദേശങ്ങളിലും മുസ്‌ലിംകൾക്കെതിരെ അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും പ്രകടനങ്ങൾ നിലനിൽക്കുന്നതിൽ ഒ.ഐ.സി വലിയ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാറുകളോട് അഭ്യർഥിച്ചു. മതങ്ങളും സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള സംവാദവും ധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ലോകത്തിൽ സമാധാനവും ഐക്യവും കൈവരിക്കാൻ വിദ്വേഷവും തീവ്രവാദവും പിഴുതെറിയേണ്ടതുണ്ടെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു.
ഹേഗിൽ ഖുർആൻ കീറിയ സംഭവത്തെ സൗദി ഉന്നത പണ്ഡിത സമിതിയും ശക്തമായി അപലപിച്ചു. ഈ ദുഷ്കൃത്യത്തെ അപലപിക്കുന്നു. ഇത് എല്ലാ മുസ്ലിംകൾക്കും അപമാനമാണ്. ആവർത്തിച്ചുള്ള ഇത്തരം പെരുമാറ്റങ്ങളെ അപലപിക്കാനും കുറ്റക്കാർക്കെതിരെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കണമെന്നും ലോകത്തോട് ആവശ്യപ്പെട്ടു. സംഭവത്തെ ജി.സി.സി കൗൺസിലും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.