ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിന് റിയാദിൽ പ്രൗഢമായ തുടക്കം

റിയാദ്: ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിന് റിയാദിൽ തുടക്കമായി. ‘സമൃദ്ധിയുടെ താക്കോൽ, വളർച്ചയുടെ പുതിയ അതിർത്തികൾ തുറക്കൽ’ പ്രമേയത്തിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ ആരംഭിച്ച സമ്മേളനം ഒക്ടോബർ 30 വരെ തുടരും. നിരവധി ചിന്തകരുമായും വിദഗ്ധരുമായും ആശയങ്ങളും അനുഭവങ്ങളും ചർച്ച ചെയ്യുന്നതിനും കൈമാറുന്നതിനുമായി അടച്ചിട്ട സെഷനുകളോടെയാണ് സമ്മേളനം ആരംഭിച്ചത്.

കോർപറേറ്റ് കാലാവസ്ഥ പ്രകടനം അളക്കുന്നതിൽ കാർബൺ അക്കൗണ്ടിങ് നവീകരണത്തിന്റെ സംഭാവനകൾ, ക്രിപ്‌റ്റോ കറൻസി ഇൻഫ്രാസ്ട്രക്ചർ, ആഗോള സാമ്പത്തിക വ്യവസ്ഥയെ നിർവചിക്കുന്നതിൽ അതിന്റെ പങ്ക്, ക്വാണ്ടം കമ്പ്യൂട്ടിങ്ങും വരുമാനവും, ഭാവിയിലേക്കുള്ള നേതൃത്വത്തിൽ നിക്ഷേപം എന്നിവ ചർച്ച ചെയ്ത വിഷയങ്ങളിൽ ഉൾപ്പെടും.

വരുംദിവസങ്ങളിൽ ഉൽപാദനക്ഷമതയിൽ കൃത്രിമബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സ്വാധീനം, വർധിച്ചുവരുന്ന അസമത്വത്തിനിടയിൽ സമ്പത്ത് സൃഷ്ടിക്കൽ, വിഭവ ദൗർലഭ്യത്തിന്റെ ഭൗമസാമ്പത്തിക പ്രത്യാഘാതങ്ങൾ, ഭാവിയിലെ തൊഴിൽ ശക്തിയെ പുനർനിർമ്മിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സുസ്ഥിരതയും സന്തുലിതമാക്കുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന വൈവിധ്യമാർന്ന സെഷനുകൾ ഉണ്ടായിരിക്കും.

20 ലധികം രാഷ്ട്രത്തലവന്മാർ, വൈസ് പ്രസിഡന്റുമാർ, ഫണ്ട് മേധാവികൾ, സി.ഇ.ഒമാർ, സാങ്കേതികവിദ്യ, ഊർജം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ, ധനകാര്യം, സംസ്കാരം എന്നീ മേഖലകളിലെ നേതാക്കൾ എന്നിവർ ആഗോള വളർച്ച, നിക്ഷേപം, മനുഷ്യ പുരോഗതി എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന ഉന്നതതല ചർച്ചകളിൽ പങ്കെടുക്കും. 250 സംവാദ സെഷനുകളുണ്ടാകും. 8000ത്തിലധികം പങ്കാളികളും 650 പ്രമുഖ പ്രഭാഷകരും സമ്മേളനത്തിൽ പ​ങ്കെടുക്കും.

Tags:    
News Summary - The 9th Future Investment Initiative Conference kicks off in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.