അപകടത്തിൽ മരിച്ച സാബിറ, അഭിയാൻ, അഹിയാൻ 

ത്വാഇഫ് വാഹനപകടത്തിൽ മരിച്ച ഉമ്മക്കും രണ്ടു ചെറുമക്കൾക്കും കണ്ണീരോടെ വിട

ത്വാഇഫ്: ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളികുടുംബത്തിന്റെ കാർ മറിഞ്ഞ് വെള്ളിയാഴ്ച ത്വാഇഫിൽ മരിച്ച പാലക്കാട് പത്തിരിപ്പാല സ്വദേശിനിയായ സാബിറ (53) അവരുടെ ചെറുമക്കളായ അഭിയാൻ (7), അഹിയാൻ( 4) എന്നിവർക്ക്‌ കണ്ണീരോടെ വിട.

ത്വാഇഫിലെ അബ്ദുല്ല ബിൻ അബ്ബാസ് മസ്‌ജിദിൽ അസർ നമസ്‌കാരത്തിന് ശേഷം ഇബ്‌റാഹീം അൽ ജഫാലീ മഖ്ബറയിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ഖബറടക്കി. നാട്ടിലെയും സൗദിയിലെയും ബന്ധുക്കളും മക്കയിലെയും മദീനയിലെയും സുഹൃത്തുക്കളും ത്വാഇഫിലെ പ്രവാസികളും ഉൾകൊള്ളുന്ന വമ്പിച്ച ജനാവലിയാണ് മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തത്.

കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ കെ.എം.സി.സി ത്വാഇഫ് പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ്, നവോദയ ത്വാഇഫ് നേതാവ് ഷാജി പന്തളം എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക, സന്നദ്ധ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കി നിൽക്കെ അതീഫിലാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്.

നിരവധി വർഷങ്ങൾ മക്കയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഫൈസൽ രണ്ടു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. അപകടത്തിൽ മരിച്ച സാബിറ ഒരാഴ്ച മുമ്പ് ദോഹയിലെ വീട്ടിലെത്തി മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ ദിവസങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയായിരുന്നു മരുമകൻ ഫൈസലിനൊപ്പം ദോഹയിൽ നിന്ന് അബൂ സംറ അതിർത്തി കടന്ന് റോഡ് മാർഗം ഉംറക്കായി യാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചയോടെയായായിരുന്നു അപകടം. ഹയാ സന്ദർശന വിസയിലായിരുന്നു അബ്ദുൽ ഖാദറും മരിച്ച സാബിറയും ഖത്തറിലെത്തിയത്. ഒരാഴ്ച മുമ്പ് വല്ല്യുപ്പയും വല്ല്യുമ്മയും എത്തിയതിന്റെ കളിചിരി ആഘോഷങ്ങൾക്കിടയിലുണ്ടായ മൂന്നു പേരുടെ ആകസ്മിക മരണം കുടുംബത്തിലും നാട്ടുകാരിലും സൗദിയിലെയും ഖത്തറിലെയും പ്രവാസി സമൂഹത്തിലും ഏറെ നോവുണർത്തി.

Tags:    
News Summary - tearful farewell to grand mother and her grandsons who died in Taif car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.