(പ്രതീകാത്മക ചിത്രം)

യൂനിഫോം ധരിക്കാൻ മടി; 349 ടാക്സി ഡ്രൈവർമാർക്ക് പിഴ

ബുറൈദ: രാജ്യത്തെ ടാക്സി ഡ്രൈവർമാർ നിർബന്ധമായും യൂനിഫോം ധരിക്കണമെന്ന നിയമം പാലിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ 349 ടാക്‌സി ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) വെളിപ്പെടുത്തി. നിയമലംഘനത്തിന് ഇവർക്കെതിരെ പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കി ഈ മാസം 12 നാണ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതു ടാക്സി ഡ്രൈവർമാർക്കാണ് അധികൃതർ യൂനിഫോം നിർബന്ധമാക്കിയത്. എയർപോർട്ട് ടാക്സി, കുടുംബ ടാക്സി, മറ്റ് യാത്രാവാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരെ കൂടാതെ സ്വകാര്യ ടാക്സി ഡ്രൈവർമാരും നിർദിഷ്ട യൂനിഫോം ധരിക്കണം. പ്രഖ്യാപനത്തിന് ശേഷം ഡ്രൈവർമാർ യൂനിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുടാക്സികളിലെ പരിശോധന അതോറിറ്റി ശക്തമാക്കിയിരുന്നു.

രാജ്യത്തുടനീളം നടത്തിയ 6,000 ത്തിലധികം പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ടാക്‌സി ഡ്രൈവർമാരിൽ സ്വദേശികൾക്ക് തങ്ങളുടെ ദേശീയ വാസ്ത്രമായ 'തോബ്' ധരിക്കാം. എന്നാൽ ഇവർ തിരിച്ചറിയൽ കാർഡ് ധരിക്കണം. നീളൻ കൈയുള്ള ചാരനിറത്തിലുള്ള ഷർട്ട്, കറുത്ത പാന്റ്‌സ്, ബെൽറ്റ് എന്നിവയാണ് വിദേശ ഡ്രൈവർമാർ ധരിക്കേണ്ടത്. ആവശ്യമെങ്കിൽ ജാക്കറ്റോ കോട്ടോ ഷർട്ടിന് മുകളിൽ ധരിക്കാം.

ടാക്സി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കാൻ അംഗീകാരമുള്ള എല്ലാ ടാക്സി കമ്പനികളോടും അതോറിറ്റി ആവർത്തിച്ച് ആവശ്യപ്പെട്ടു. നിയമലംഘനം ബോധ്യപ്പെടുന്ന പക്ഷം പൊതുജനങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 19929 എന്ന ഏകീകൃത നമ്പറിലോ പരാതി അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Tags:    
News Summary - taxi drivers fined for not wearing uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.