റിയാദ്: സിറിയയിലെ രാഷ്ട്രീയ പരിവർത്തന പ്രക്രിയ സമാധാനപരമായ രീതിയിൽ പൂർത്തിയാക്കണമെന്ന് സിറിയൻ പാർട്ടികളോട് അറബ് ലീഗ് ആവശ്യപ്പെട്ടു. സംഭവവികാസങ്ങൾ വളരെ താൽപ്പര്യത്തോടെ നിരീക്ഷിക്കുന്നതായും അറബ് ലീഗ് പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സങ്കീർണമായ ഘട്ടത്തിൽ സിറിയൻ ജനങ്ങൾ സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
രാജ്യത്തിന്റെ താൽപര്യങ്ങൾ എല്ലാ പരിഗണനകൾക്കും ഉപരിയായി ഉയർത്തുകയും ജീവിതവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം നിർവഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. സമാധാനപരമായും സമഗ്രമായും സുരക്ഷിതമായും രാഷ്ട്രീയ പരിവർത്തന പ്രക്രിയ പൂർത്തിയാക്കണം. സിറിയയുടെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കണം. എല്ലാ രൂപത്തിലുള്ള വിദേശ ഇടപെടലുകൾ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
സിറിയയെ സംബന്ധിച്ച അറബ് സമവായത്തിലെ സുപ്രധാനമായ അവശ്യ ഘടകങ്ങൾ സംരക്ഷിക്കപ്പെടണം. ഈ പരിവർത്തന കാലഘട്ടത്തെ മറികടക്കാൻ സിറിയൻ ജനതയെ പിന്തുണക്കാൻ പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരത കൈവരിക്കാൻ താൽപര്യമുള്ള എല്ലാ ശക്തികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അറബ് ലീഗ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. മാനവിക നാഗരികതയുടെ പാതയിൽ വലിയ സംഭാവനകൾ നൽകിയ അറബ് രാജ്യമാണ് സിറിയ.
നിലവിലെ പ്രതിസന്ധി ഘട്ടത്തെ സുരക്ഷിതമായി മറികടക്കുന്നതുവരെ അതിനോട് ചേർന്നുനിൽക്കാനും പിന്തുണക്കാനും മടിക്കില്ലെന്ന് അറബ് ലീഗ് ഊന്നിപ്പറഞ്ഞു. ആഭ്യന്തര സംഭവവികാസങ്ങൾ മുതലെടുത്ത് ഗോലാൻ കുന്നുകളിലെ പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നതിനോ മറ്റോ നിയമവിരുദ്ധമായി ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളെ പൂർണമായി അപലപിക്കുന്നുവെന്നും അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.