ജിദ്ദ: പൊതുമാപ്പ് നടപടികൾ പരിശോധിക്കുന്നതിനായുള്ള ഉന്നതാധികാര സമിതി ശുമൈസി സേവനകേന്ദ്രം സന്ദർശിച്ചു. പൊതു സുരക്ഷാമേധാവിയുടെ ഉപദേഷ്ടാവ് കേണൽ ജംആൻ അഹമദ് അൽഗാമിദിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് ക്യാമ്പ് സന്ദർശിച്ചത്. മേഖലയിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ഗവൺമെൻറ് വകുപ്പ് മേധാവികളും സന്നിഹിതരായിരുന്നു. നിയമ ലംഘകരുടെ മടക്കയാത്രക്ക് കേന്ദ്രത്തിലൊരുക്കിയ സൗകര്യങ്ങൾ സംഘം പരിശോധിച്ചു.
പൊതുമാപ്പ് ലക്ഷ്യം നേടുന്നതിനായി മേഖല പൊലീസ് മേധാവി, ചേംബർ അംഗങ്ങളും വ്യവസായ പ്രമുഖരും മേഖലയിലെ ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കാമ്പയിനിൽ സ്വദേശികൾക്കും വിദേശികൾക്കും പ്രധാന റോളുണ്ടെന്ന് കേണൽ ജംആൻ അഹമദ് അൽഗാമിദി പറഞ്ഞു. വിദേശികളായ നിയമ ലംഘകർക്ക് ജോലി, യാത്രാസൗകര്യം, താമസം എന്നിവ നൽകാതിരിക്കലാണത്. നിയമം ലംഘിക്കുന്ന സ്വദേശിക്കും വിദേശിക്കും കടുത്ത ശിക്ഷ നിയമം അനുശാസിക്കുന്നുണ്ട്.
നിയമ ലംഘകർ സാമൂഹ്യ, സുരക്ഷ, സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. അവരെ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് വിവരം നൽകണം. നിയമ ലംഘകർ പൊതുമാപ്പ് കാലയളവിൽ അവശേഷിക്കുന്ന ദിവസങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.