ജിദ്ദ: വരും ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളിലും നിലവിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ ചൂട് കഠിനമായി തുടരുകയാണ്. കിഴക്കൻ പ്രവിശ്യയിലാണ് നിലവിൽ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചിലയിടങ്ങളിൽ കനത്ത ചൂടിനൊപ്പം ശക്തമായ പൊടിക്കാറ്റും വീശിയടിക്കുന്നുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം പ്രവചിക്കുന്നു. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, മദീന, മക്ക എന്നീ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ജിസാനിലേക്കുള്ള തീരദേശ പാതകളെയും പൊടിക്കാറ്റ് കാര്യമായി ബാധിച്ചേക്കുമെന്നാണ് സൂചന.
കനത്ത ചൂടിനെയും പൊടിക്കാറ്റിനെയും പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ രാജ്യത്തെ താമസക്കാരോട് നിർദേശിച്ചു. പൊടിക്കാറ്റ് വീശിയടിക്കുന്ന ഹൈവേകളിൽ ദൃശ്യപരത വളരെ കുറവായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തിെൻറ തെക്കൻ തീരപ്രദേശങ്ങളിൽ ജൂൺ അവസാനം മുതൽ ഓഗസ്റ്റ് പകുതി വരെ പൊടിക്കാറ്റ് നീണ്ടുനിൽക്കുന്നത് സാധാരണമായ ഒരു പ്രതിഭാസമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കുകയുണ്ടായി. 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കുന്ന ഇത്തരം ശക്തമായ കാറ്റുകൾ പ്രകൃതിയുടെ തന്നെ ഒരു പ്രക്രിയയാണ്.
ചില കാർഷിക സീസണുകൾ നിർണയിക്കുന്നതിനൊപ്പം, പൂമ്പൊടിയുടെ സഞ്ചാരത്തിനും വിത്തുകളുടെ വളപ്രയോഗത്തിനും ആവശ്യമായ ഒന്നായതിനാൽ പൊടിക്കാറ്റിെൻറ ഈയൊരു പോസിറ്റീവ് വശം കൂടി സമൂഹം ഉൾക്കൊള്ളണമെന്നും അദ്ദേഹം തെൻറ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മക്ക മേഖല മുതൽ ജിസാൻ പ്രവിശ്യ വരെയുള്ള തീരദേശ പാതകളെയാണ് ഈ കാലാവസ്ഥാ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മക്ക ബ്രാഞ്ച് ഡയറക്ടർ ഹിലാൽ അൽ അയാഫിയും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.