എസ്.ടി.സി പ്രസിഡൻറ് ഐദറൂസ്
അൽസുബൈദി
ജിദ്ദ: യമനിലെ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) പ്രസിഡൻറ് ഐദറൂസ് അൽസുബൈദി ഒളിച്ചോടിയത് അബൂദബിയിലേക്കെന്ന് നിർണായക വെളിപ്പെടുത്തൽ നടത്തി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി. ജനുവരി ഏഴിന് അർധരാത്രിയോടെ ആതൻ തുറമുഖത്തുനിന്ന് ‘ബാമെദ്ഹാഫ്’ എന്ന കപ്പലിൽ സുബൈദിയും സംഘവും രക്ഷപ്പെടുകയായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാക വഹിച്ച ഈ കപ്പൽ, നേരത്തേ ഫുജൈറയിൽനിന്ന് മുഖല്ലയിലേക്ക് ആയുധങ്ങൾ കടത്താൻ ഉപയോഗിച്ച ‘ഗ്രീൻലാൻഡ്’ എന്ന കപ്പലിെൻറ അതേ ഉടമസ്ഥതയിലുള്ളതാണെന്നും സഖ്യസേന വെളിപ്പെടുത്തി. തിരിച്ചറിയൽ സംവിധാനങ്ങൾ ഓഫ് ചെയ്ത് യാത്രചെയ്ത കപ്പൽ ഉച്ചയോടെ സോമാലിലാൻഡിലെ ബെർബെറ തുറമുഖത്ത് എത്തിച്ചേരുകയായിരുന്നു.
സോമാലിയയിൽ എത്തിയ ഉടൻ യു.എ.ഇ ജോയിൻറ് ഓപറേഷൻസ് കമാൻഡർ മേജർ ജനറൽ അവാദ് സഈദ് മുസ്ലിഹ് അൽ അഹ്ബാബിയുമായി സുബൈദി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവിടെ കാത്തുനിന്ന ഇല്യൂഷൻ (ഐ.എൽ 76) വിമാനത്തിൽ യു.എ.ഇ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇവരെ മാറ്റുകയായിരുന്നു. വൈകുന്നേരം 3.15ന് മൊഗാദിഷു വിമാനത്താവളത്തിലിറങ്ങിയ വിമാനം, ഒരു മണിക്കൂറിനു ശേഷം വീണ്ടും പുറപ്പെട്ട് ഒമാൻ ഉൾക്കടലിന് മുകളിൽവെച്ച് ഐഡൻറിഫിക്കേഷൻ സംവിധാനങ്ങൾ മറച്ചുവെച്ച് യാത്ര തുടർന്നു. ഒടുവിൽ സൗദി സമയം രാത്രി 8.47ഓടെ അബൂദബിയിലെ അൽരിഫ് സൈനിക വിമാനത്താവളത്തിൽ സുബൈദിയും സംഘവും ഇറങ്ങിയതായി സഖ്യസേന സ്ഥിരീകരിച്ചു.
ഐദറൂസ് അൽസുബൈദിയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയ പ്രമുഖ നേതാക്കളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ആതൻ മുൻ ഗവർണർ അഹമ്മദ് ഹമീദ് ലാംലാസ്, സെക്യൂരിറ്റി ബെൽറ്റ് ഫോഴ്സ് കമാൻഡർ മുഹ്സിൻ അൽ വാലി എന്നിവരുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അൽ മാലിക്കി അറിയിച്ചു. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും സഖ്യസേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യമനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.